തൃശൂര്‍: കുന്നംകുളം ഹൈടെക് പോലിസ് സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. മാര്‍ച്ച് 6ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഹൈടെക് പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താദ്യമായി എംഎല്‍എ ഫണ്ടില്‍ നിര്‍മിക്കുന്ന ഹൈടെക് പോലിസ് സ്‌റ്റേഷനാണിത്. എ സി മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് പോലിസ് സ്‌റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
തൃശൂര്‍ റോഡിലുള്ള പഴയ പോലിസ് സ്‌റ്റേഷന്‍ പൊളിച്ചാണ് 2020 സെപ്റ്റംബറില്‍ പുതിയ ഹൈടെക് പോലിസ് സ്‌റ്റേഷന് തറക്കല്ലിട്ടത്. 10,500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളടങ്ങിയതാണ് പുതിയകെട്ടിടം. എയര്‍ കണ്ടീഷന്‍, ലിഫ്റ്റ്, ടി വി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി, വാഹന പാര്‍ക്കിങ്, ഗാര്‍ഡന്‍, കവാടം മുതലായ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കുന്നംകുളം നഗരസഭ എന്‍ജിനീയറിങ്ങ് വിഭാഗമാണ് സ്‌റ്റേഷന് രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങളില്‍ മുഖ്യ സഹായം നല്‍കിയത്.