ഭൂമികയ്യേറ്റം: 89 സെന്റ് സ്ഥലം തിരിച്ചുപിടിച്ച് മുക്കം നഗരസഭ

Update: 2022-02-23 17:47 GMT

കോഴിക്കോട്: മുക്കം നഗരസഭയില്‍ കയ്യേറിയ പുഴ പുറമ്പോക്ക് സ്ഥലം തിരിച്ചുപിടിച്ചു. നഗരസഭക്ക് അവകാശപ്പെട്ട 89 സെന്റ് സ്ഥലമാണ് നീലേശ്വരം വില്ലേജിലെ മനോളി കടവിന് സമീപം കയ്യേറിയതായി കണ്ടെത്തിയത്.

കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ ഭൂരേഖ തഹസില്‍ദാര്‍ പ്രത്യേക സര്‍വേയറെ ചുമതലപ്പെടുത്തി ആണ് കയ്യേറ്റം സ്ഥിരീകരിച്ചത്. നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള സംഘം ഭൂമി അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലുകളും നഗരസഭയുടെ ബോര്‍ഡും സ്ഥാപിച്ചു.

സ്ഥലത്ത് 48 റബര്‍ മരങ്ങളും 178 കവുങ്ങുകളും ഏഴ് തേക്കുകളും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരങ്ങള്‍ നമ്പര്‍ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥലത്തുള്ള ഗ്രൗണ്ട് വോളിബോള്‍ ഗ്രൗണ്ട് ആയി നവീകരിക്കാനും പദ്ധതിയുണ്ട്. കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്ന രീതിയില്‍ ഭാവിയില്‍ 30 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തും.

നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പി സുരേഷ് ബാബു, ഓവര്‍സിയര്‍ ബൈജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അജിത്ത്, ക്ലര്‍ക്ക് സിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News