സഹോദരിയുമായി സംസാരിച്ചതിന് ഭീഷണിപ്പെടുത്തി പണം വാങ്ങല്‍: 10 വയസ്സുകാരനെ കൊലപ്പെടുത്തി

സഹോദരിയുമായി സംസാരിച്ച കാര്യം വീട്ടില്‍ പറയാതിരിക്കാന്‍ പത്ത് വയസ്സുകാരന്‍ പണവും ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരന്‍ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്

Update: 2021-03-16 12:44 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയത് സഹോദരിയുമായി സംസാരിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിന്റെ വൈരാഗ്യത്തിലാണെന്ന് പോലിസ്. കേസില്‍ 15കാരനായ സമീപവാസി പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ 15കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.


കഴിഞ്ഞ എട്ട് ദിവസമായി കാണാതായ പത്ത് വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ചയാണ് നര്‍മദ നദിയില്‍നിന്ന് കണ്ടെടുത്തത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംശയമുള്ളവരുടെ കൂട്ടത്തില്‍ സമീപവാസിയായ 15കാരനെയും പോലീസ് ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ 15കാരനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി. തുടര്‍ന്ന് വീണ്ടും ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.


കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി 15കാരന് പരിചയമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും സംസാരിക്കുന്നത് പത്ത് വയസ്സുകാരന്‍ നേരിട്ട് കാണുകയും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് 15കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരിയുമായി സംസാരിച്ച കാര്യം വീട്ടില്‍ പറയാതിരിക്കാന്‍ പത്ത് വയസ്സുകാരന്‍ പണവും ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരന്‍ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇത് പതിവായതോടെയാണ് പത്ത് വയസ്സുകാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് 15കാരന്‍ പോലീസിനോട് പറഞ്ഞത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു 15കാരന്റെ മൊഴി. കൃത്യം നടത്തിയ ശേഷം 15കാരന്‍ തന്നെയാണ് മൃതദേഹം വഞ്ചിയില്‍ കയറ്റി നദിയുടെ മധ്യഭാഗത്ത് എത്തിച്ചത്. മൃതദേഹം നദിയില്‍ ഉപേക്ഷിച്ചശേഷം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.




Tags:    

Similar News