കശ്മീര്‍ ജയില്‍ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; വീട്ടുജോലിക്കാരന്‍ ഒളിവില്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് ലോഹ്യ (57) യെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദയ്‌വാലയിലുള്ള വീട്ടിനുള്ളിലാണ് ഡിജിപിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഇദ്ദേഹത്തിന്റെ വീട്ടുജോലിക്കാരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ജമ്മു സോണ്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് മുകേഷ് സിങ് പറഞ്ഞു.
അന്വേഷണ പ്രക്രിയ ആരംഭിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ഫോറന്‍സിക്, ക്രൈം ടീമുകള്‍ സ്ഥലത്തുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലിസ് കുടുംബം മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മരണത്തില്‍ അഗാധമായ ദു:ഖം പ്രകടിപ്പിക്കുന്നു- സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് പറഞ്ഞു. എച്ച് കെ ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോഹ്യ. ജമ്മു കശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ആഗസ്ത് മാസത്തിലാണ് ലോഹ്യ നിയമിതനായത്. പോലിസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തിയ ദിവസമാണ് സംഭവം.