കശ്മീരില്‍ പിടിയിലായ ലഷ്‌കറെ പ്രവര്‍ത്തകന്‍ ബിജെപി ഐടി സെല്‍ തലവന്‍

മെയ് 9 നാണ് ജമ്മു പ്രവിശ്യയിലെ പാര്‍ട്ടിയുടെ ഐടി, സോഷ്യല്‍ മീഡിയ എന്നിവയുടെ ചുമതലക്കാരനായി താലിബ് ഹുസൈന്‍ ഷായെ നിയമിച്ചത്. ഇത് സംബന്ധിച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

Update: 2022-07-03 17:58 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിടിയാലായ ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ഐടി സെല്‍ മേധാവിയും. ജമ്മുവിലെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മോര്‍ച്ച സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് ആണ് പിടിയിലായ താലിബ് ഹുസൈന്‍ ഷാ. താലിബ് ഹുസൈന് ഷായെയും കൂട്ടാളിയെയും ജമ്മുവിലെ റിയാസി പ്രദേശത്ത് നിന്ന് ഇന്ന് രാവിലെയാണ് ഗ്രാമവാസികള്‍ പിടികൂടിയത്. രണ്ട് എകെ റൈഫിളുകളും നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി പോലിസ് പറഞ്ഞു. തുടര്‍ന്ന് ഗ്രാമവാസികള്‍ ഇയാളെ പോലിസിന് കൈമാറുകയായിരുന്നു.

മെയ് 9 നാണ് ജമ്മു പ്രവിശ്യയിലെ പാര്‍ട്ടിയുടെ ഐടി, സോഷ്യല്‍ മീഡിയ എന്നിവയുടെ ചുമതലക്കാരനായി താലിബ് ഹുസൈന്‍ ഷായെ നിയമിച്ചത്. ഇത് സംബന്ധിച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദ്ര റെയ്‌ന ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള താലിബ് ഹുസൈന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

താലിബ് ഹുസൈനെ പിടികൂടിയ റിയാസി ഗ്രാമവാസികള്‍ക്ക് ലഫ്റ്റനന്റ് ഗവര്ണറും പോലിസ് മേധാവിയും പാരിതോഷികം പ്രഖ്യാപിക്കുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ധീരമായി പ്രവരത്തിക്കുന്ന ഗ്രാമീണര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര് മനോജ് സിന്‍ഹ ട്വീറ്റ് ചെയ്തു.

രജൗരി ജില്ലയില്‍ രണ്ട് സ്‌ഫോടനങ്ങളിലും ഒരു സിവിലിയന്റെ കൊലപാതകത്തിലും താലിബ് ഹുസൈന്‍ ഷായ്ക്ക് പങ്കുണ്ടെന്ന് സംശയിച്ച് ഒരു മാസത്തിലേറെയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഉദയ്പൂരില്‍ തയ്യല്‍കടക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ കനയ്യലാലിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കും ബിജെപി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേസമയം ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളില്‍ നുഴഞ്ഞ് കയറാന്‍ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം. ഇതൊരു പുതിയ രീതിയാണെന്നും ബിജെപിയുടെ ഭാഗമായി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഇത്തരക്കാരുടെ രീതിയെന്നും പാര്‍ട്ടി വക്താവ് ആര്‍.എസ് പത്താനിയ പറഞ്ഞു. ജമ്മുവിലെ റിയാസിയില്‍ നിന്ന് ഞായറാഴ്ചയാണ് പോലിസ് താലിബ് ഹുസൈന്‍, ഫൈസല്‍ അഹമ്മദ് ധര്‍ എന്നിവരെ പിടികൂടിയത്.

Tags:    

Similar News