കുവൈത്തില്‍ വിദേശ എഞ്ചിനീയര്‍മാര്‍ക്ക് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം
ഇത് പ്രകാരം രാജ്യത്തിനു പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷത്തെ തൊഴില്‍ പരിചയം നിര്‍ബന്ധമാക്കും.
കുവൈത്ത് സിറ്റി : കുവൈത്തില്‍ രാജ്യത്തിനു പുറത്ത് നിന്ന് എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനു പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. കുവൈത്ത് എഞ്ചിനീയേര്‍സ് സൊസൈറ്റി അധികൃതരും മാനവ വിഭവ ശേഷി പൊതു സമിതി അധികൃതരും നടന്ന ചര്‍ച്ചയിലാണു ഇത് സംബന്ധിച്ച് ധാരണയായത്.ഇത് പ്രകാരം രാജ്യത്തിനു പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷത്തെ തൊഴില്‍ പരിചയം നിര്‍ബന്ധമാക്കും. ഇവര്‍ക്ക് മാത്രമേ കുവൈത്ത് എഞ്ചിനീയേര്‍സ് സൊസൈറ്റിയുടെ അംഗീകാരം നല്‍കുകയുള്ളൂ എന്ന് പ്രസിഡന്റ് ഫൈസല്‍ അല്‍ അത്താര്‍ വ്യക്തമാക്കി. മാനവ വിഭവ ശേഷി പൊതു സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.പ്രാദേശിക തൊഴില്‍ മേഖലയില്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളവരെ മാത്രം വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുവാന്‍ സംയുക്ത ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നിലവിലുള്ള സ്വദേശി ഇതര എഞ്ചിനീയര്‍മാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ യന്ത്രവല്‍ക്കരിക്കുന്നതില്‍ എഞ്ചിനീയറിംഗ് സൊസൈറ്റി കൈവരിച്ച പുരോഗതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ വെബ് സൈറ്റ് വഴിയാണ് അറ്റസ്റ്റേഷന്‍ നടപടികള്‍ നടത്തുന്നതെന്നും അല്‍ അത്താര്‍ വിശദീകരിച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ മാനവ വിഭവശേഷി പൊതു സമിതി തീരുമാനിച്ചിരുന്നു. അറ്റസ്റ്റേഷന്‍ നടപടികളില്‍ വ്യാപകമായ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി.