മലബാര്‍ പ്ലസ് വണ്‍ ബാച്ച് പ്രക്ഷോഭം: നിയമസഭാ മാര്‍ച്ചില്‍ അറസ്റ്റുവരിച്ച 12 കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു
മലബാര്‍ മേഖലയില്‍ മതിയായ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ മതിയായ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ നിയമസഭ മാര്‍ച്ചില്‍ അറസ്റ്റ് വരിച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. മാര്‍ച്ചിനിടെ അറസ്റ്റിലായ 12 പ്രവര്‍ത്തകര്‍ക്കാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
അല്‍ഫയാസ്, മുഹമ്മദ് അഫ്‌സല്‍, നിസാര്‍ പി ബഷീര്‍, മുഹമ്മദ് ഉനൈസ്, അംജദ് മുഹമ്മദ്, തമീംബിന്‍ ബക്കര്‍, സനോഫര്‍ എച്ച്, മുഹമ്മദ് ഷിനാസ്, മുഹമ്മദ് സഫീര്‍, നിഷാദ്, മുഹമ്മദ് സലാഹുദ്ദീന്‍ അയ്യൂബി, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കാര്‍ ജാമ്യം ലഭിച്ചത്. ഈ കേസില്‍ ജാമ്യം ലഭിച്ച സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് മറ്റൊരു കേസില്‍ ജാമ്യം ലഭിക്കാനുണ്ട്.
മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി പാസ്സായ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കാംപസ് ഫ്രണ്ട് പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചത്. അതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ സമരക്കാര്‍ക്ക്് നേരെ പോലിസ് ലാത്തിവീശുകയായിരുന്നു. പോലിസ് അതിക്രമത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലിസുകാര്‍ക്കും പരിക്കേറ്റു.
പോലിസ് അതിക്രമത്തെ ചോദ്യം ചെയ്ത 12 കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികളുടെ പഠനസൗകര്യത്തിന് വേണ്ടി സമരം ചെയ്ത് ജയില്‍വാസം വരിച്ച പ്രവര്‍ത്തകര്‍ക്ക് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉമര്‍ മുഖ്താര്‍ അറിയിച്ചു.