ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ശ്രമം; 13 പ്രവാസികളെ നാടുകടത്തും

Update: 2022-10-13 03:27 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ 25ാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്താനുള്ള നടപടികള്‍ തുടങ്ങി. മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രവാസികളുടെ ആത്മഹത്യാ ഭീഷണിയെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമമായ അല്‍ സിയാസ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലില്‍ ആത്മഹത്യാ ശ്രമം തടയാന്‍ സാധിച്ചെങ്കിലും ഇവരെ ഇനി ഒരിക്കലും കുവൈത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ തുര്‍ക്കി പൗരന്മാരാണ് നിയമ വിരുദ്ധമായി കുവൈത്തില്‍ ജോലി ചെയ്തത്. എന്നാല്‍ ഇവരെ ജോലിക്ക് നിയോഗിച്ച കമ്പനി മാസങ്ങളായി ശമ്പളം നല്‍കാതെ വന്നതോടെ തൊഴിലാളികള്‍ കുവൈത്തിലെ സാല്‍മിയയിലെ ഒരു കെട്ടിടത്തിന്റെ 25ാം നിലയിലുള്ള സ്‌കഫോള്‍ഡില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്ത് കുതിച്ചെത്തി. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഡയറക്ടര്‍ തൊഴിലാളികളോട് സംസാരിച്ച് ഉടന്‍ തന്നെ ശമ്പളം നല്‍കാമെന്ന വാഗ്ദാനം നല്‍കി അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

എന്നാല്‍ കുവൈത്തില്‍ സന്ദര്‍ശക വിസയില്‍ എത്തിയ ശേഷം ജോലി ചെയ്!തത് നിയമലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത്. സന്ദര്‍ശക വിസയില്‍ എത്തിയവരെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിച്ച കമ്പനിക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം തുര്‍ക്കി പൗരന്മാര്‍ക്ക് രാജ്യത്തിന്റെ ഏത് അതിര്‍ത്തി വഴി വേണമെങ്കിലും സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ പ്രവേശിക്കാമെന്നും എന്നാല്‍ തൊഴില്‍ നിയമ പ്രകാരം അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News