അതിര്‍ത്തി കടന്ന് മീന്‍പിടിത്തം; 14 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സേനയുടെ പിടിയില്‍
രാമേശ്വരം, മണ്ഡപം, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശ്രീലങ്കന്‍ സേനയുടെ പിടിലായിരിക്കുന്നത്
ജാഫ്‌ന: അതിര്‍ത്തി കടന്ന് മീന്‍പിടിച്ചതിന് 14 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേര്‍ന്ന് മീന്‍പിടിക്കുകയായിരുന്ന 14 തമിഴ് മല്‍സ്യത്തൊഴിലാളികളെയും അവരുടെ രണ്ട് മല്‍സ്യബന്ധന ബോട്ടുകളുമാണ് പിടികൂടിയത്. ഇവരെ ജാഫ്‌ന ഫിഷറീസ് വകുപ്പിന് കൈമാറി.
രാമേശ്വരം, മണ്ഡപം, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശ്രീലങ്കന്‍ സേനയുടെ പിടിലായത്. 10 ബോട്ടുകള്‍ നേരത്തേ സേന പിടിച്ചെടുത്തിരുന്നു. 60 ബോട്ടുകള്‍ കൂടി തടഞ്ഞുവച്ചിട്ടുണ്ട്. ബോട്ടുടമകളുടെയും തൊഴിലാളികളുടെയും കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് സൂചന.
അതിനിടെ ലങ്കയില്‍ പിടിയിലായവരെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാമേശ്വരത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ലങ്കയില്‍ ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.