150 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ പരിഹാസവുമായി മഹുവ മോയിത്ര

Update: 2021-04-01 07:11 GMT

ന്യൂഡല്‍ഹി: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇതുവരെ ചുരുങ്ങിയത് 150ഓളം ഇലക്ട്രോണിക് മെഷീനുകളില്‍ ശരിയംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന് തൃണമൂല്‍ നേതാവും എംപിയുമായ മഹുവ മോയിത്ര.

പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എടുക്കുന്ന ശ്രമത്തിന്റെ പകുതി സമയം ചെലവഴിച്ചാല്‍ വോട്ടിങ് മെഷീന്‍ കേടാവുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് മോയിത്ര പരിഹസിച്ചു. ട്വിറ്ററിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയുടെ മോയിത്രയുടെ പരിഹാസം.

''രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം ഇതുവരെ 150ഓളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എടുക്കുന്ന ശ്രമത്തിന്റെ പകുതി ശ്രമം നടത്തിയിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു''- മഹുവ ട്വീറ്റില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ബംഗാളില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥരെയാണ് കമ്മീഷന്‍ സ്ഥലം മാറ്റിയത്. മമതയ്ക്കു നേരെയുണ്ടായ ആക്രമണത്തിനുശേഷം സ്ഥലം മാറ്റപ്പെടുന്നവരുടെ എണ്ണം പിന്നെയും വര്‍ധിച്ചു.

24 പര്‍ഗാനാസ്, ബങ്കുറ, പശ്ചിം മിഡ്‌നാപൂര്‍, പുര്‍ബ മേദിനിപൂര്‍ തുടങ്ങി 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. 171 സ്ഥാനാര്‍ത്ഥികളാണ് ആകെ മല്‍സര രംഗത്തുള്ളത്. അതില്‍ 152 പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ആകെ 11 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്.

മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ നന്ദീഗ്രം മണ്ഡലത്തിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. മമതാ കാബിനറ്റിലെ മുതിര്‍ന്ന അംഗവും പിന്നീട് ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്ത സുവേന്ദു അധികാരിയാണ് മമതയുടെ മുഖ്യ എതിരാളി. കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്. തനിക്ക് 50,000ത്തിനു മുകളില്‍ വോട്ട് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ നേതാവ് മീനാക്ഷി മുഖര്‍ജിയാണ് ഇടത് കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.

രണ്ടാം ഘട്ടത്തില്‍ ആകെ 75,94,549 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കുന്നത്. ഇതില്‍ 17 എന്‍ആര്‍ഐ വോട്ടുകളും 13,118 സര്‍വീസ് വോട്ടുകളും ഉണ്ട്.

800 കമ്പനി സുരക്ഷാസേനയെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.

Tags:    

Similar News