നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്‍ സ്വാമിയുടെ ''സമാധിയുമായി'' ബന്ധപ്പെട്ട് ഹിന്ദുത്വത്തെ വ്രണപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മകന്‍ സനന്ദന്‍. മണിയന്‍ മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സനന്ദന്റെ പരാമര്‍ശം. അച്ചന്‍ മരിച്ചതല്ലെന്നും സമാധിയായതാണെന്നും സനന്ദന്‍ പറഞ്ഞു. ഹിന്ദു മതാചാര പ്രകാരമാണ് അച്ചനെ സമാധി ഇരുത്തിയത്. കഴിഞ്ഞ 30 വര്‍ഷമായുള്ള ശിവക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. അച്ചന്റെ മൃതദേഹം കല്ലറയില്‍ ഉണ്ടോ എന്ന കാര്യം സ്‌കാനര്‍ വെച്ചു പരിശോധിക്കാവുന്നതാണ്. ഈ ഘട്ടത്തില്‍ കോടതി വിധി അംഗീകരിക്കാനാവില്ല. കുടുംബത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും മറ്റു സംഘടനകളും ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.