യുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍; റോ മുന്‍ ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് സൂചന
ന്യൂഡല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവും യുഎസ് പൗരനുമായ ഗുര്‍പത്‌വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎസ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം. ചില സംഘടിത ക്രിമിനല്‍ ഗ്രൂപ്പുകളുടെയും തീവ്രവാദ സംഘടനകളുടെയും പ്രവര്‍ത്തനം ഇന്തോ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു.
ഇന്ത്യ നിരോധിച്ച സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവായ പന്നുവിനെ കൊല്ലാന്‍ 2023ലാണ് ശ്രമമുണ്ടായത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് വെടിവെച്ചു കൊല്ലാനായിരുന്നു നീക്കം. ഇതിനായ് 85 ലക്ഷം രൂപ ചെലവില്‍ വാടകക്കൊലയാളിയെ കണ്ടെത്താന്‍ ശ്രമിച്ച നിഖില്‍ ഗുപ്ത എന്നയാളെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനായിരുന്ന വികാഷ് യാദവാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് നിഖില്‍ ഗുപ്ത എഫ്ബിഐയെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ യുഎസ് നോട്ടീസ് ഇറക്കി. ഇന്ത്യയുമായും ബന്ധപ്പെട്ടു. യുഎസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാനാണ് ഇന്ത്യ ഉന്നതതല സമിതി രൂപീകരിച്ചത്. വികാഷ് യാദവ് ഇന്ത്യയില്‍ നിരവധി തട്ടിക്കൊണ്ടുപോവല്‍ കേസുകളില്‍ പ്രതിയാണെന്നും അന്വേഷണ സമിതി കണ്ടെത്തി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
കനേഡിയന്‍ പൗരനായ ഹര്‍ദിപ് സിങ് നിജ്ജറിനെ കാനഡയില്‍ വെച്ച് കൊലപെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പാകിസ്താനില്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്താനും ആരോപിച്ചിരുന്നു.