മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി സിഖ് കുടുംബം
രണ്ടു സിഖുകാര്‍ ചേര്‍ന്ന് മൂന്നു ലക്ഷം രൂപയും നല്‍കി
മലെര്‍കോട്‌ല (പഞ്ചാബ്): മുസ്‌ലിംകള്‍ക്ക് പള്ളിനിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി സിഖ് കുടുംബം. പഞ്ചാബിലെ മലെര്‍കോട്‌ലയിലെ ഉമര്‍പുര ഗ്രാമത്തിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ സുഖ്ജിന്ദര്‍ സിംഗും സഹോദരന്‍ അവ്‌നീന്ദര്‍ സിംഗുമാണ് 6,750 ചതുരശ്ര അടി ഭൂമി സൗജന്യമായി നല്‍കിയിരിക്കുന്നത്.
ഉമര്‍പുര ഗ്രാമത്തിലെ മുസ്‌ലിം ജനസംഖ്യ 30 ശതമാനം വരുമെന്നും അവര്‍ക്ക് നിസ്‌കരിക്കാന്‍ സ്ഥലമില്ലെന്നും സുഖ്ജിന്ദര്‍ സിംഗ് പറഞ്ഞു. '' കൂട്ടമായി പ്രാര്‍ത്ഥിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അയല്‍ഗ്രാമങ്ങളിലെ പള്ളികളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. അതിനാലാണ് അവര്‍ക്ക് പള്ളി പണിയാന്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞത്.''-സുഖ്ജിന്ദര്‍ സിംഗ് വിശദീകരിച്ചു.
സ്ഥലം കിട്ടിയ ഗ്രാമീണര്‍ പള്ളിയുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ജനുവരി 12ന് പഞ്ചാബ് ശാഹി ഇമാം മുഹമ്മദ് ഉസ്മാന്‍ റഹ്മാന്‍ ലുധിയാന്‍വി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഈ ഭൂമിക്ക് 7-8 ലക്ഷം രൂപ വിലവരുമെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാവായ സ്മിത് സിംഗ് പറഞ്ഞു. സ്ഥലം നല്‍കിയതിന് പുറമെ പള്ളിനിര്‍മാണത്തിന് സാമ്പത്തിക സഹായവും സിഖുകാര്‍ നല്‍കിയിട്ടുണ്ട്. തേജ്‌വന്ദ് സിംഗ് എന്നയാള്‍ രണ്ടു ലക്ഷം രൂപയും രവീന്ദര്‍സിംഗ് ഗ്രെവാല്‍ എന്നയാള്‍ ഒരു ലക്ഷം രൂപയും നല്‍കി.
1947ല്‍ ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ച് ഇന്ത്യയും പാകിസ്താനും രൂപീകരിച്ചപ്പോള്‍ മലെര്‍കോട്‌ല ഇന്ത്യയിലായി. വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് സിഖുകാര്‍ സംരക്ഷണം നല്‍കിയിരുന്നു.
സിഖുകാരുടെ പത്താംഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ ഫതേ സിംഗിനെയും ചാം കൗറിനെയും 1704ല്‍ കൊലപ്പെടുത്തിയതില്‍ മലെര്‍കോട്‌ല നവാബായിരുന്ന ഷേര്‍ മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ചിരുന്നു. നവാബും പരമ്പരകളും എന്നും ഈ ഭൂമിയില്‍ പച്ചയായി ഉറച്ചുനില്‍ക്കുമെന്നാണ് ഇക്കാര്യമറിഞ്ഞ ഗുരു ഗോബിന്ദ് സിംഗ് പറഞ്ഞത്. ഇത് സിഖ്-മുസ്‌ലിം സൗഹാര്‍ദ്ദം ശക്തമായി തുടരാന്‍ കാരണമായി. വിഭജനത്തിന്റെ കാലത്തെ പ്രതിസന്ധികളെയും ഈ ബന്ധം അതിജീവിച്ചു.