രണ്ടരവര്‍ഷത്തിനകം കേരളത്തില്‍ മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകും: മന്ത്രി പി രാജീവ്

Update: 2025-01-15 17:29 GMT

ദുബായ് : ഇന്‍വെസ്റ്റ് കേരള അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടിയിയുടെ ഉദ്ഘാടന ചടങ്ങില്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍രി മുഖ്യാതിഥിയാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിക്ഷേപക സംഗമത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ക്ഷണം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍രി സ്വീകരിച്ചതായി മന്ത്രി പി രാജീവ് ദുബായില്‍ പറഞ്ഞു. ഇന്‍വെസ്റ്റ് കേരള സംഗമത്തിന് സംബന്ധിക്കുമെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദി അറിയിച്ചതായും മന്ത്രി പി രാജീവ് വ്യക്തമാക്കി. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി സംഘവും ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ പങ്കെടുക്കും.

ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ യുഎഇ പ്രധാന പങ്കാളികളാകുമെന്നും കേരളത്തില്‍ നിക്ഷേപങ്ങള്‍ക്ക് പറ്റിയ ഏറ്റവും മികച്ച സമയമാണിതെന്നും വലിയ അവസരമാണ് തുറക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പ്രവാസികള്‍ക്കായി കണ്ണൂരില്‍ എന്‍.ആര്‍.ഐ. വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. രണ്ടരവര്‍ഷത്തിനകം കേരളത്തില്‍ മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ഇന്ത്യ യുഎഇ ബന്ധം കൂടുതല്‍ സുദൃഢമാകുന്നതിന് കരുത്തേകുന്നതാകും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് എന്ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകന്‍ ആയതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. നിക്ഷേപകര്‍ക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും എം.എ യൂസഫലി വ്യക്തമാക്കി. ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഭക്ഷ്യസംസ്‌കരണം, ടൂറിസം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷപത്തിനുള്ള വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. ആധുനിക സൗകര്യങ്ങളോടെ കളമശേരിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.





Tags:    

Similar News