തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രി പി രാജീവിന്റെ ഓഫിസിനു സമീപം തീപ്പിടിത്തം. മൂന്നാം നിലയില്‍ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ പി രാജീവിന്റെ ഓഫിസിന് സമീപമാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിങ്ങും കത്തിനശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ഇന്ന് രാവിലെ 7.55ഓടെയാണ് സംഭവം. തീ ശ്രദ്ധയില്‍പ്പെട്ട പ്യൂണ്‍ സുരക്ഷാജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്കല്‍ചൂളയില്‍ നിന്നും രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. 8.15ഓയെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. വിവരമറിഞ്ഞ് ജില്ലാ കലക്ടറും ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ സെക്രട്ടേറിയറ്റിലേക്ക് കയറ്റിയത്. മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. 2020ലും ഇതേ ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കംപ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിച്ചത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.