ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ ന്യൂനപക്ഷപ്രേമം കാപട്യം: എസ്ഡിപിഐ
പത്തനംതിട്ട : ബിജെപിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ഡി ബാബു. ബിജെപി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യുവിന് നേരെയുണ്ടായ ആക്രമണം ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. ഈ വിഷയത്തില്‍ ബിനോയ് മാത്യു സംസ്ഥാന നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന മാധ്യമ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി മാത്രമാണ് ബിജെപി കാണുന്നതെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പില്‍ പോലും ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ബിജെപിയുടെ കാപട്യം തിരിച്ചറിയണം. പോഷക സംഘടനയായ ന്യൂനപക്ഷമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റിന് പോലും രക്ഷയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും എന്ത് സംരക്ഷണമാണ് സാധാരണക്കാരായ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കേവലം വര്‍ഗീയ രാഷ്ട്രീയം എന്നതിനപ്പുറം ജനാധിപത്യം എന്നത് ബിജെപിയുടെ അജണ്ടയിലേയില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടിയ ചരിത്രം മാത്രമാണ് ബിജെപിക്കുള്ളത്. ഭാവിയിലും അതിനപ്പുറമൊന്നും ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.