ശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു വര്‍ഷമായി പൊട്ടിക്കിടന്ന കേബിള്‍ നീക്കാതെ കെഎസ്ഇബി

Update: 2025-01-15 14:13 GMT

പത്തനംതിട്ട: വടശേരിക്കരയില്‍ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളില്‍നിന്ന് വൈദ്യുതാഘാതമേറ്റ്, ശബരിമല തീര്‍ഥാടകനു ദാരുണാന്ത്യം. തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂര്‍ സ്വദേശി നാഗരാജയാണ് (55) മരിച്ചത്. ചൊവാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. 20 അംഗ തീര്‍ഥാടക സംഘത്തിനൊപ്പം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാഗരാജ്. വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ നാഗരാജിനു വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ദര്‍ശനം കഴിഞ്ഞു മടങ്ങവെ, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിയിരുന്നു. ഇതിനിടയിലാണ് നാഗരാജ് ഉള്‍പ്പെടെ എല്ലാവരും പുറത്തിറങ്ങിയത്. തുടര്‍ന്ന് വടശേരിക്കര പാലത്തോടു ചേര്‍ന്ന വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാഗരാജനെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞവര്‍ഷം ശബരിമല തീര്‍ഥാടന സമയത്ത് വടശേരിക്കര പാലത്തില്‍ താല്‍ക്കാലികമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. വിളക്കുകള്‍ പിന്നീട് മാറ്റിയിരുന്നെങ്കിലും വൈദ്യുതി നല്‍കാന്‍ വലിച്ച കേബിളുകള്‍ നീക്കിയിരുന്നില്ല. ഇതില്‍ പൊട്ടിക്കിടന്ന ഒരെണ്ണത്തില്‍ തട്ടിയാണ് നാഗരാജിനു വൈദ്യുതാഘാതമേറ്റത്. കേബിള്‍ പുറത്തു കാണാന്‍ കഴിയാത്ത നിലയിലായിരുന്നു.




Tags:    

Similar News