ഇനി മേലില്‍ ജുഡീഷ്യറിയോട് കളിക്കരുത്: ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്

കോടതിയോട് കളിക്കാന്‍ വന്നാല്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്ന് കോടതി

Update: 2025-01-15 11:09 GMT

എറണാകുളം: ബോബി ചെമ്മണൂരിന്റെ കേസിലെ തുടര്‍നടപടികള്‍ കോടതി താക്കീതോടെ തീര്‍പ്പാക്കി. ജാമ്യം ലഭിച്ചശേഷവും ജയിലില്‍ തുടരുന്നതില്‍ കോടതി നിലപാട് കടുപ്പിച്ചതോടെ എല്ലാത്തിനും നിരുപാധികം മാപ്പപേക്ഷിക്കുന്നതായി ബോബി ചെമ്മണൂരിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ബോബി ചെമ്മണൂര്‍ ജയിലില്‍ നിന്ന് പുറത്തെത്തിയത് ഒളിമ്പിക്സില്‍ മെഡല്‍ നേടിയപോലെയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കോടതിയോട് കളിക്കാന്‍ വന്നാല്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്ന് ചീഫ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. നേരിട്ടെത്തി മാപ്പപേക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. അഭിഭാഷകന്‍ സുജേഷ് മേനോനാണ് ബോബി ചെമ്മണ്ണൂരിനു വേണ്ടി ഹാജരായത്.

താന്‍ ഒരിക്കലും കോടതിയെ കളിയാക്കിയിട്ടടില്ലെന്നും സാമ്പത്തികമില്ലാത്തതു കൊണ്ടു മാത്രം ചെറിയ കേസുകളില്‍ ജയിലില്‍ കിടക്കുന്നവര്‍ തന്നോട് സഹായം ചോദിച്ചപ്പോള്‍ താന്‍ അത് കേള്‍ക്കാന്‍ ഇത്തിരി സാവകാശം എടുത്തതാണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരുന്റെ പ്രതികരണം.

എന്നാല്‍ മറ്റു തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണെന്നും കോടതിയെ വെല്ലുവിളിക്കരുതെന്നും കോടതി താക്കീത് നല്‍കി. തടവുകാരുടെ കാര്യങ്ങളൊക്കെ അവര്‍ നോക്കിക്കൊള്ളും. ജുഡീഷ്യറി ഒന്നും ഇനി വേണ്ട എന്നാണോ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഹാജരായ മുതിര്‍ന്ന അഭിഭാഷകനെപ്പോലും അപമാനിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു.

Tags:    

Similar News