വിരമിച്ചാല്‍ ലഭിക്കാനുള്ള പദവിക്കായി വിധികള്‍; ജുഡീഷ്യറി പൂര്‍ണമായും സ്വതന്ത്രമാവണമെന്ന് പ്രശാന്ത് ഭൂഷണ്‍
കോഴിക്കോട്: ജുഡീഷ്യറി പൂര്‍ണമായും സ്വതന്ത്രമാവണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ 'ഇന്ത്യന്‍ ജുഡീഷ്യറി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിരമിച്ചാല്‍ ലഭിക്കാനുള്ള പദവിക്കായി വിധികള്‍ പുറപ്പെടുവിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിനും വിധികള്‍ പരിശോധിക്കുന്നതിനും സ്ഥിരം സംവിധാനം വേണം. ജുഡീഷ്യറിയുടെ പൂര്‍ണ പരിഷ്‌കരണത്തിന് ജനകീയ കാമ്പയിന്‍ ശക്തമാക്കണം. ഇതില്‍ അഭിഭാഷകര്‍ക്കും റിട്ട. ജഡ്ജിമാര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. കേസുകള്‍ ഏതു ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ശരിയായ നടപടിയല്ല. ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന സമിതി രൂപവത്കരിച്ച് ഇക്കാര്യം തീരുമാനിക്കാത്തപക്ഷം ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഇതിലേക്ക് കടന്നുവരും. നേരത്തെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം വിളിച്ച് വിമര്‍ശനമുന്നയിച്ചതും ഇക്കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരെ നിയമിക്കുന്നതിലെ സര്‍ക്കാര്‍ ഇടപെടലടക്കം ജുഡീഷ്യറി വെല്ലുവിളി നേരിടുന്നു. കൊളീജിയം 10 പേരെ ശിപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള മൂന്നുപേരെ നിയമിച്ച് ബാക്കിയുള്ളവരുടെ കാര്യത്തില്‍ അനാവശ്യ കാലതാമസമുണ്ടാക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.