പിങ്ക് പോലിസ് അപമാനിച്ച പെണ്‍കുട്ടിക്ക് 1.75 ലക്ഷം നല്‍കണം; തുക പോലിസുകാരിയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ആറ്റിങ്ങലില്‍ ദലിത് പെണ്‍കുട്ടിയെ മോബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അപമാനിച്ച സംഭവത്തിലാണ് സര്‍ക്കാര്‍ തീരുമാനം

Update: 2022-07-13 12:13 GMT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലിസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപ പോലിസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവ്. കോടതിച്ചെലവായ 25,000 വും രജിതയില്‍ നിന്ന് ഈടാക്കും. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പോലിസ് രജിതയുടെ ആരോപണം. ഒടുവില്‍ പോലിസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി. എന്നിട്ടും ഈ പോലിസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പോലിസുകാരിയുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി.

മാധ്യമവാര്‍ത്തയെ തുടര്‍ന്ന് ബാലാവകാശകമ്മീഷന്‍ ഉടന്‍ ഇടപെട്ടു. പോലിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോലിസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പോലിസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവര്‍ത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പോലിസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. 

Tags:    

Similar News