ഒരു വര്‍ഷത്തിനുള്ളില്‍ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും: ഫിഷറീസ് മന്ത്രി

Update: 2021-01-19 06:13 GMT

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തീരദേശത്ത് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നവരും വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്നതുമായ എല്ലാ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ. വിനോദ്, വി.ഡി. സതീശന്‍ എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മൂന്നു ഘട്ടങ്ങളിലായാണ് കുടുംബങ്ങളെ അധിവസിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 8487 കുടുംബങ്ങളെയും രണ്ടും മൂന്നും ഘട്ടങ്ങളില്‍ 5099 കുടുംബങ്ങളെ വീതവും പുനരധിവസിപ്പിക്കും. ഇവര്‍ക്ക് സുരക്ഷിത മേഖലയില്‍ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പുനരധിവാസത്തിന് സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഭൂമി കണ്ടെത്തി ഫഌറ്റ് സമുച്ചയ നിര്‍മ്മാണ പദ്ധതി വിഭാവനം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി. തീരദേശത്ത് നിന്ന് മാറി താമസിക്കുന്നതിന് തയ്യാറായ 9904 കുടുംബങ്ങളുടെ സന്നദ്ധത ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അംഗീകരിച്ച് ഭൂമി കണ്ടെത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുവരെ 1562 പേര്‍ക്ക് ഭൂമി കണ്ടെത്തി വില നിശ്ചയിച്ചു. ഇതില്‍ 962 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് വീട് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.




Similar News