കൊവിഡ് ബാധിതന്റെ സമ്പര്‍ക്കം: വയനാട്ടില്‍ 20 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും
കല്‍പ്പറ്റ: മാനന്തവാടി നഗരസഭ പരിധിയില്‍ അമ്പത്തിരണ്ട് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങള്‍ അടച്ചിടും. ഇയാള്‍ സന്ദര്‍ശിച്ചിട്ടുളള നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വാര്‍ഡുകളും കോളനികളുമാണ് കൊവിഡ് കണ്ടെയ്ന്‍മെന്റുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. മാനന്തവാടി നഗരസഭയിലെ 7, 8, 9, 10, 21, 22 ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ 9,10, 11, 12 വാര്‍ഡുകളും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് കൊവിഡ് കണ്ടെയ്ന്‍മെന്റുകളായി പ്രഖ്യാപിച്ചത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനിയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ തച്ചമ്പത്ത് കോളനിയും കൊവിഡ് കണ്ടെയ്ന്‍മെന്റുകളാണ്.
ഈ പ്രദേശങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണം തുടങ്ങും. തിരുനെല്ലി പഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം തുടങ്ങുക. പതിനാല് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമെ പുറത്തിറങ്ങാന്‍ പാടുളളു. ഹോം ഡെലിവറി സംവിധാനമാണ് ഇവിടെ ഉണ്ടാവുക. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുളളസഹായം തേടാം.
അതിനിടെ, ജില്ലയില്‍ 82 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 900 ആയി. ഒരു കൊവിഡ് 19 രോഗബാധിതന്‍ ഉള്‍പ്പെടെ 10 പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ജില്ലയിലെ 457 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 429 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2515 വാഹനങ്ങളിലായി എത്തിയ 3454 ആളുകളെ സ്‌ക്രീനിംങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.