2018 പ്രളയം; കുഴൂരിലെ നിരവധി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പരാതി

Update: 2022-02-25 13:05 GMT

മാള: (തൃശ്ശൂര്‍) 2018 ആഗസ്റ്റ് 15 മുതലുണ്ടായ മഹാപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവരില്‍ പലര്‍ക്കും സര്‍ക്കാരിന്റെ അര്‍ഹമായ സഹായം എത്തിയിട്ടില്ലെന്ന് ആക്ഷേപം. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് സര്‍ക്കാര്‍ സഹായവുംകാത്ത് കഴിയുന്നത്. ഇതില്‍ ബഹുഭൂരിപക്ഷം കുടുംബങ്ങളും തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ തെളിവുകള്‍ പ്രത്യേക ആപ്ല് വഴി സര്‍ക്കാരിലേക്ക് അയച്ചവരാണ്.

എന്നാല്‍ പിന്നീട് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇവരില്‍ ഭൂരിഭാഗം കുടുംബങ്ങളുടെയും പേരുകളുണ്ടായിരുന്നില്ല. കൊച്ചുകടവ് പള്ളിബസാര്‍ സ്വദേശി കുഴിക്കണ്ടത്തില്‍ കാസിമിന്റെ പേര് പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും പേരിന് നേരെ 'റിജക്റ്റഡ്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ഓലക്കോട്ട് അബ്ദുള്‍ ഗഫൂര്‍, പുത്തന്‍കാട്ടില്‍ സെയ്ദുമുഹമ്മദ്, താനത്ത്പറമ്പില്‍ ഇസ്മയില്‍ തുടങ്ങി നിരവധി കുടുംബങ്ങളുടെയും പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ജില്ലാ കളക്ടറേറ്റില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഈ കുടുംബങ്ങള്‍ അപ്പീല്‍ നല്‍കി. ഏറെ കാത്തിരുന്ന ശേഷം പുതിയ പട്ടിക വന്നെങ്കിലും അതില്‍ അര്‍ഹമായ സഹായം ലഭിച്ചില്ല.

നേരത്തെ ഇറങ്ങിയ പട്ടിക പ്രകാരം യാതൊരു അര്‍ഹതയുമില്ലാത്തവര്‍ക്ക് പോലും ഒന്നേകാല്‍ ലക്ഷം, രണ്ടര ലക്ഷം, നാല് ലക്ഷം എന്നീ തോതിലുള്ള സഹായങ്ങള്‍ ലഭിച്ചപ്പോള്‍ പുതിയ പട്ടിക പ്രകാരം 10,000, 60,000 തോതിലുള്ള സഹായമാണ് അനുവദിക്കപ്പെട്ടത്. ഇരുനില വീടുകളില്‍ താമസിക്കുന്നവരും സാമ്പത്തികശേഷിയുള്ളവരും പ്രളയസമയത്ത് അവരുടെ വീട്ടുപകരണങ്ങള്‍ മുകള്‍ നിലയിലേക്ക് കയറ്റിയിരുന്നു. ഇവര്‍ക്ക് ശരാശരി രണ്ടര ലക്ഷമാണ് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്.

കോടിക്കണക്കിന് രൂപ ആസ്തിയുള്ളവര്‍ക്ക് പോലും സഹായം എത്തിയപ്പോള്‍ ദരിദ്രരും ഉള്ളതെല്ലാം നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തവരെ അവഗണിക്കുന്ന തരത്തിലുള്ള സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് പരാതി.

കുണ്ടൂര്‍ കൈനാട്ടുതറ മണപ്പുറത്ത് വേലായുധനടക്കം 40 ഓളം കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഈ കുടുംബങ്ങള്‍ക്കെല്ലാം ആകെ കിട്ടിയത് 10,000 രൂപ വീതമാണ്. പട്ടികജാതിക്കാര്‍ക്ക് പട്ടികജാതി വകുപ്പിന്റെ 5,000 രൂപയും ലഭിച്ചു.

കുഴിക്കണ്ടത്തില്‍ കാസിമിന്റെ അടുക്കള പ്രളയത്തില്‍ തകര്‍ന്നിരുന്നു. തകര്‍ന്ന അടുക്കള പണിയാനായി പോലും അനുവദിക്കപ്പെട്ട സംഖ്യ തികയാത്തതിനാലും മേല്‍ക്കൂരയിലെ പൊട്ടലിനെങ്കിലും പരിഹാരം കാണേണ്ടതിനാലും കാസിമും 10,000 രൂപ മാത്രം അനുവദിക്കുന്ന 15 ശതമാനത്തില്‍ പെട്ടതിനാല്‍ താനത്ത്പറമ്പില്‍ ഇസ്മായിലും മുഖ്യമന്ത്രിക്ക് അപ്പീല്‍ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഉടനടി തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റിലേക്ക് നടപടികള്‍ക്കായി കൈമാറി.

ഇതിനിടയില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് മറുപടി പറഞ്ഞ റവന്യൂ വകുപ്പ് മന്ത്രി സര്‍ക്കാര്‍ സഹായത്തിനുള്ള നടപടികള്‍ വേഗതയിലാക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചെങ്കിലും നടപടിയുമുണ്ടായില്ല.

കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരം നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Similar News