തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായാണ് ലക്ഷ്യമിട്ടത്.
കൊവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. ഇതിനായി 24,690പോളിയോ വാക്‌സിനേഷന്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. ഓരോ ബൂത്തിലും കൊവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്‌സിനേറ്റര്‍മാരെ നിയോഗിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തുള്ളി മരുന്ന് വിതരണം നടത്തിയത്. ഞായറാഴ്ച വാക്‌സിന്‍ കൊടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി വാക്‌സിന്‍ നല്‍കുന്നതാണ്. കൊവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന്‍ കാലയളവ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 209573, കൊല്ലം 152347, പത്തനംതിട്ട 63568, ആലപ്പുഴ 120127, കോട്ടയം 104304, ഇടുക്കി 68621, എറണാകുളം 188798, തൃശൂര്‍ 186176, പാലക്കാട് 177297, മലപ്പുറം 287313, കോഴിക്കോട് 186191, വയനാട് 53451, കണ്ണൂര്‍ 143281, കാസര്‍ഗോഡ് 97494 എന്നിങ്ങനേയാണ് വാക്‌സിന്‍ നല്‍കിയത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംസ്ഥാനതല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു.
ഒരു ദിവസം തന്നെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കികൊണ്ട് സമൂഹത്തിലാകെ പോളിയോ പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈയൊരു യജ്ഞത്തിന്റെ പ്രധാന ഉദ്ദേശമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതൊരു വലിയ സന്ദേശം കൂടിയാണ്. പ്രത്യേകിച്ചും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നമുക്ക് പൂര്‍ണമായിട്ട് ഇത്തരത്തിലുള്ള രോഗങ്ങളോട് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കണമെങ്കില്‍ മനുഷ്യ സമൂഹത്തിലൊരു വലിയ വിഭാഗത്തിന് രോഗ പ്രതിരോധശേഷി ഉണ്ടാക്കുക എന്നതാണ് പ്രധാനം. അതിനാല്‍ എല്ലാവരും കുട്ടികള്‍ക്ക് പൂര്‍ണ മനസോടെ പ്രതിരോധ വാക്‌സിനുകള്‍ നല്‍കണം. ഇതുപോലെതന്നെ കൊവിഡ് രോഗത്തിനെതിരായ പ്രതിരോധവും. സാധ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനും നല്‍കുന്നതാണ്. നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവരെ ശ്രദ്ധിച്ചില്ല എന്ന അവസ്ഥ ഉണ്ടാകരുത്. പോളിയോ ബാധിച്ച് കൈകാലുകള്‍ ശോഷിച്ചും ശരീരത്തിന് ആരോഗ്യ കുറവുണ്ടായും ജീവിക്കാനിടയാകരുത്. അവരുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്ന യജ്ഞം വിജയിപ്പിക്കാന്‍ എല്ലാ രക്ഷിതാക്കളോടും അപേക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കിയത്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി.
വി.കെ. പ്രശാന്ത് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ്‌കുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീല ശ്രീധര്‍, വാര്‍ഡ് കൗണ്‍സിലര്‍ പത്മ, ആരോഗ്യ വകുപ്പ് ഡയാക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീ. ഡയറക്ടര്‍ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. സന്ദീപ്, ഡി.എം.ഒ ഡോ. കെ.എസ്. ഷിനു., ഡി.പി.എം. ഡോ. പി.വി. അരുണ്‍ ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ഡോ. സി. പ്രതാപചന്ദ്രന്‍, വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഖില്‍ എന്നിവര്‍ സന്നിഹിതരായി.