ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 24 രോഗികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സൈനിക ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 24 രോഗികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് എല്ലാവരെയും ഡല്‍ഹി ബെയ്‌സ് ആശുപത്രിയിലേക്ക് മാറ്റി.
''ഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്''- സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു.
''എല്ലാ രോഗികളും മിലിറ്ററിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരോ പെന്‍ഷനായവരോ ആണ്. എല്ലാവരും കാന്‍സര്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്. കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെ ഡല്‍ഹിയിലെ ബെയ്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്'' അമന്‍ ആനന്ദ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് പ്രതിരോധ സേനയിലുമായി ഇപ്പോള്‍ ജോലി ചെയ്യുന്നവരടക്കം 98 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ മൂന്ന് പേര്‍ നിലവില്‍ സൈന്യത്തില്‍ ജോലി നോക്കുന്നവരാണ്.
പ്രതിരോധ സേനയിലെ 42 പേര്‍ കൊവിഡ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ഇതിനു മുമ്പ് മുംബൈയിലാണ് പ്രതിരോധ സേനയിലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്, 38 പേര്‍ക്ക്. ഐഎന്‍എസ് ആന്‍ഗ്രെ നേവി ആസ്ഥാനത്തു നിന്നാണ് അവര്‍ക്ക് രോഗബാധയുണ്ടായത്.
മുങ്ങിക്കപ്പലുകളിലേക്കും കപ്പലിലേക്കും രോഗബാധയുണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സേന എടുത്തിട്ടുണ്ട്. വ്യോമസേനയിലാണ് ഏറ്റവും കുറവ് കൊവിഡ് രോഗികളുള്ളത്, 19 പേര്‍.