ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം: മൂന്ന് മരണം

Update: 2022-12-03 09:24 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നടന്ന ശക്തിയേറിയ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. സംഭവത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. പൂര്‍ബ കിഴക്കന്‍ മെദിനിപൂരിലെ നാര്യാബില ഭൂപതിനഗറിലെ തൃണമൂല്‍ ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. സ്ഥലത്തുനിന്ന് മൂന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. സ്‌ഫോടനമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് ഭൂപതിനഗര്‍ പോലിസ് ഇന്‍ചാര്‍ജ് കാജല്‍ ദത്ത പ്രതികരിച്ചു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ആഘാതം വളരെ ശക്തമായിരുന്നു, സംഭവത്തില്‍ ഓല മേഞ്ഞ മേല്‍ക്കൂരയുള്ള മണ്‍ വീട് പൊട്ടിത്തെറിച്ചു,' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഇന്ന് ജില്ലയില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനിരിക്കെയാണ് സംഭവം. തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ നാടന്‍ ബോംബുകള്‍ നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ബിജെപി ആരോപിച്ചു. ബോംബ് നിര്‍മിക്കുന്ന വ്യവസായം മാത്രമാണ് സംസ്ഥാനത്ത് വളരുന്നതന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് വിമര്‍ശിച്ചു.

മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് സിപിഎം നേതാവ് കുറ്റപ്പെടുത്തി. അതേസമയം തെളിവില്ലാതെയാണ് പ്രതിപക്ഷം തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സുജന്‍ ചക്രവര്‍ത്തി ചോദിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു. 2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഭരണകക്ഷിയായ ടിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയപ്പോള്‍, പശ്ചിമബംഗാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും മാറ്റിനിര്‍ത്തി ആ തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

Tags:    

Similar News