ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെ വീണ്ടും ദുരന്തം; മൂന്നുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Update: 2023-01-02 01:20 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സംഘടിപ്പിച്ച റാലിക്കിടെ വീണ്ടും ദുരന്തം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച വൈകീട്ട് ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുയോഗത്തിനിടെയായിരുന്നു അപകടം. സൗജന്യ ഭക്ഷ്യകിറ്റുകള്‍ വാങ്ങാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. നായിഡു വേദി വിട്ടതിന് ശേഷമായിരുന്നു സംഭവം. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് നായിഡുവിന്റെ റാലിക്കിടെ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കുന്നത്. ബുധനാഴ്ച, നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരത്തില്‍ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് എട്ടുപേരാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കിയിരുന്നു.

Tags:    

Similar News