നെല്ലൂര്‍: ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം തോഡേരുവില്‍ ആറ് യുവാക്കള്‍ അണക്കെട്ടില്‍ മുങ്ങി മരിച്ചു. പി ബാലാജി (20), ബി രഘു (25), അല്ലി ശ്രനാഥ് (16), എം കല്യാണ്‍ (30), സി പ്രശാന്ത് കുമ (26), പി സുരേന്ദ്ര (16) എന്നിവരാണ് ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. ആറുപേരുടെയും മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
പത്തംഗ സംഘം മല്‍സ്യബന്ധന ബോട്ടില്‍ ഞായറാഴ്ച രാത്രിയാണ് അണക്കെട്ടിലിറങ്ങിയത്. ബോട്ട് മുങ്ങിയതോടെ നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ക്കെല്ലാം നീന്താന്‍ അറിയാമായിരുന്നെങ്കിലും ചതുപ്പ് നിലങ്ങളില്‍ ആറുപേര്‍ കുടുങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. കുളത്തിന്റെ സൂക്ഷിപ്പുകാരനെ അറിയിക്കാതെയാണ് ഇവര്‍ ബോട്ട് പുറത്തെടുത്തതെന്ന് പോലിസ് പറഞ്ഞു.