ന്യൂഡല്‍ഹി: ലോക്ക് ഡൗണിനുശേഷം കൊവിഡ് വ്യാപനം കുറയുമെന്നാണ് കരുതുന്നതെങ്കിലും ഡല്‍ഹിയില്‍ സ്ഥിതി കഷ്ടമാണ്. നേരത്തെ അടച്ചപൂട്ടിയ ഒരു കെട്ടിടത്തിലെ 44 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം വന്നാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നാണ് കരുതുന്നത്. ആകെ 176 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
ഡല്‍ഹി കപാഷേര പ്രദേശത്താണ് കെട്ടിടം നില്‍ക്കുന്നത്. ലോക്ക് ഡൗണിനിടയില്‍ ഏപ്രില്‍ 18ന് ഇവിടെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസം തന്നെ കെട്ടിടം അടച്ചുപൂട്ടി. അന്നുതന്നെ കെട്ടിടത്തിലുള്ള പലരുടെയും സ്രവം പരിശോധനയ്‌ക്കെടുത്ത് ലാബിലേക്കയച്ചു.
കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം പുറത്തുവന്നത്. അതുപ്രകാരം 44 പേര്‍ക്ക് രോഗമുണ്ട്. 67 പേരുടെ പരിശോധനാഫലം വരാനുണ്ട്.
രാജ്യത്ത് കൊവിഡ് 19 ഏറ്റവും ഗുരുതരമായി ബാധിച്ച സംസ്ഥാനമാണ് ഡല്‍ഹി. ഇന്നത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നില്‍ മൂന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം.
ഡല്‍ഹിയില്‍ 4122 രോഗികളുണ്ട്. 1,256 പേരുടെ രോഗം ഭേദമായി 64 പേര്‍ മരിച്ചു.