സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകം: അഞ്ച് പേര്‍ക്ക് വധശിക്ഷ
കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 5 പേരെയാണ് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു. മൂന്നു പേരെ വെറുതെ വിട്ടു.
റിയാദ്: വിമത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. കൊലപാതകത്തില്‍ നേരിട്ട് ഇടപെട്ട അഞ്ച് പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രമുഖരായ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി. സൗദി രഹസ്യാന്വേഷണ ഡെപ്യൂട്ടി ചീഫ് അഹമ്മദ് അല്‍-അസ്സിരി, രാജകൊട്ടാരത്തിലെ മീഡിയ അഡൈ്വസറായ സൗദ് അല്‍-ഖ്വത്വാനി എന്നിവരാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖര്‍.
അഹമ്മദ് അല്‍-അസ്സിരിയുടെ മേല്‍നോട്ടത്തിലും അല്‍-ഖ്വത്വാനിയുടെ ഉപദേശപ്രകാരമായിരുന്നു കൊല നടന്നതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന കാരണത്താലാണ് ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.
കേസില്‍ പേര് ചേര്‍ക്കാത്ത 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 5 പേരെയാണ് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു. മൂന്നു പേരെ വെറുതെ വിട്ടു.
കേസ് പരിഗണിക്കുന്ന റിയാദിലെ പ്രത്യേക കോടതി അന്തര്‍ദേശിയ നിരീക്ഷകരുടെയും ഖഷഗ്ജിയുടെ ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഒമ്പത് തവണയാണ് കേസ് പരിഗണിച്ചത്. ഖഷഗ്ജിയുടെ കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി.
യുഎസില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകം സൗദിയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് വിവാഹ രേഖകള്‍ക്കായി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
ആഴ്ചകള്‍ നീണ്ട ആരോപണ പ്രത്യാരോപണങ്ങള്‍ക്കു ശേഷമാണ് ഖഷഗ്ജി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചത്. സൗദിയുടെ കില്ലര്‍ സംഘം ഖഷഗ്ജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുര്‍ക്കി വ്യക്തമാക്കിയിരുന്നു. പ്രതികളെ വിചാരണക്കായി കൈമാറണമെന്നും തുര്‍ക്കി സൗദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദി ഇക്കാര്യം തള്ളുകയായിരുന്നു. ഖഷഗ്ജിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു തുര്‍ക്കി പോലിസ് വ്യക്തമാക്കിതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദമാണു സൗദി നേരിട്ടത്.