'ബന്ധം ഊഷ്മളമാക്കും'; തുര്‍ക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടവകാശി തിരിച്ചെത്തി

സൗദിക്കും തുര്‍ക്കിക്കുമിടയില്‍ നിര്‍ണായക വഴിത്തിരിവായാണ് കിരീടവകാശിയുടെ സന്ദര്‍ശനത്തെ കണക്കാക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ഊഷമളമാകുന്നതിനും സന്ദര്‍ശനം സഹായകരമായെന്നാണ് വിലയിരുത്തല്‍.

Update: 2022-06-23 18:56 GMT

ദമാം: ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദിയില്‍ തിരിച്ചെത്തി. സൗദിക്കും തുര്‍ക്കിക്കുമിടയില്‍ നിര്‍ണായക വഴിത്തിരിവായാണ് കിരീടവകാശിയുടെ സന്ദര്‍ശനത്തെ കണക്കാക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ഊഷമളമാകുന്നതിനും സന്ദര്‍ശനം സഹായകരമായെന്നാണ് വിലയിരുത്തല്‍.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അകല്‍ച്ചകള്‍ മാറ്റിവച്ചാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കിയിലെത്തിയത്. ഏറെ കാലത്തിന് ശേഷമാണ് ബിന്‍ സല്‍മാന്‍ ആങ്കറയിലെത്തുന്നത്. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം സംബന്ധിച്ച കേസ് തുര്‍ക്കിയില്‍ നിലനില്‍ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമായിരുന്നു.

ദിവസങ്ങള്‍ നീണ്ടതായിരുന്നു സൗദി കിരീടവകാശിയുടെ വിദേശ പര്യടനം. ഈജിപ്തില്‍ ആരംഭിച്ച പര്യടനം ജോര്‍ദാന്‍ വഴി തുര്‍ക്കി കൂടി പൂര്‍ത്തിയാക്കിയാണ് അവസാനിച്ചത്. തുര്‍ക്കിയിലെത്തിയ രാജകുമാരനെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഖാന്‍ നേരിട്ടെത്തി സ്വീകരിച്ചു. ജമാല്‍ ഖഷോഖി വധത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളായിരുന്നു. ഇത് മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ സഹകരണവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനും സന്ദര്‍ശനം വഴി തുറന്നു. ഇരു നേതാക്കളുടെയും കൂടികാഴ്ചയില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍, ഊര്‍ജ്ജ, ഭക്ഷ്യ പ്രതിസന്ധികള്‍ എന്നിവ ചര്‍ച്ചയായി. ഊര്‍ജ്ജം മുതല്‍ പ്രതിരോധം വരെയുള്ള മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപത്തിന് ധാരണയിലെത്തിയതായി ചര്‍ച്ചക്ക് ശേഷം ഇരു നേതാക്കളും പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    

Similar News