പിതാവിനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മകന്‍

Update: 2020-05-22 03:09 GMT

റിയാദ്: സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയവര്‍ക്ക് കുടുംബം മാപ്പ് നല്‍കുന്നതായി മകന്‍ സലാ ഖഷഗ്ജി. ട്വിറ്ററിലൂടെയായിരുന്നു പത്രപ്രവര്‍ത്തകന്‍ കൂടിയായ മകന്റെ പ്രഖ്യാപനം. 'രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്യുന്നു''- വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ മകന്‍ സലാ ഖഷഗ്ജി ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്റെ നിയമപരമയാ പ്രാധാന്യം എന്താണെന്ന്് ഇപ്പോള്‍ വ്യക്തമല്ല.

കഴിഞ്ഞ ഡിസംബറില്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും നല്‍കിയിരുന്നു. മറ്റുള്ളവരെ പ്രോസിക്യൂഷന്‍ കുറ്റവിമുക്തരാക്കി.

തനിക്ക് സൗദി നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സലാ മുമ്പ് പറഞ്ഞിരുന്നു, തന്റെ പിതാവിന്റെ കൊലപാതകക്കേസ് ചിലര്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഖഷഗ്ജിയുടെ സലാ ഉള്‍പ്പെടെയുള്ള മക്കള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ വീടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പ്രതിമാസം ആയിരക്കണക്കിന് ഡോളര്‍ നല്‍കുന്നുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ഏപ്രിലില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സൗദി സര്‍ക്കാരുമായി സാമ്പത്തിക ഒത്തുതീര്‍പ്പ് നടന്നെന്ന വാര്‍ത്ത സലാ നിഷേധിച്ചു.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷഗ്ജിയെ 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍വച്ച് 15 അംഗ സൗദി കൊലയാളി സംഘം കൊലപ്പെടുത്തി മൃതദേം തുണ്ടംതുണ്ടമാക്കി നശിപ്പിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡില്‍ ഇട്ട് നശിപ്പിച്ചുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. കൊലപാതകം ആദ്യം നിഷേധിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമ്മര്‍ദ്ദം വന്നതോടെ പതിനൊന്ന് പേര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു. ഖഷഗ്ജി വധത്തിനു പിന്നില്‍ സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന സിഐഎയുടെ കണ്ടെത്തല്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തള്ളിയിരുന്നു. തങ്ങളുടെ അറിവില്ലാതെയാണ് സൗദി ഉദ്യോഗസ്ഥര്‍ ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് സൗദി അവകാശപ്പെടുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് സൗദിയില്‍ നിന്ന് 15 അംഗ സംഘം തുര്‍ക്കിയിലെത്തി കൊലപാതകം നടത്തി മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണപരിഷ്‌കാരളുടെ നിശിത വിമര്‍ശകനായ ജമാല്‍ ഖഷഗ്ജി വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു. തുര്‍ക്കി പൗരയെ വിവാഹം കഴിക്കുന്നതിനായി സൗദി കോണ്‍സിലേറ്റില്‍ നിന്ന് നിയമപരമായ കടലാസുകള്‍ വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ദൂരൂഹമായ തിരോധാനം.  

Tags:    

Similar News