ജാര്‍ഖണ്ഡില്‍ 50 ദലിത് കുടുംബങ്ങളെ കുടിയിറക്കി; ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു
മേദിനിനഗര്‍: ജാര്‍ഖണ്ഡിലെ മേദിനി നഗറില്‍ 50ഓളം ദലിത് കുടുംബങ്ങളെ കുടിയിറക്കി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. വാര്‍ത്ത പുറത്തുവന്നതോടെ മേദിനിപൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജേഷ് കുമാര്‍ ഷാ, സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ സുര്‍ജിത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ദലിത് കുടുംബങ്ങളെ കുടിയിറക്കിയ 150ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. അതില്‍ 12 പേരെ തിരിച്ചറിഞ്ഞു.
ദലിത് സമൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബിയാസ് ആശങ്ക പ്രകടിപ്പിച്ചു. പലാമു ഡപ്യൂട്ടി കമ്മീഷണര്‍ എ ഡോഢില്‍നിന്ന് റിപോര്‍ട്ടും ആവശ്യപ്പെട്ടു.
പ്രതികളെ ഉടന്‍ പിടികൂടാന്‍ ഡപ്യൂട്ടി കമ്മീഷണര്‍ പോലിസിന് നിര്‍ദേശം നല്‍കി. 50 കുടുംബങ്ങളെയും ഇതേ ഗ്രാമത്തില്‍ വീണ്ടും പുനരധിവസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഷാര്‍ ജാതിയില്‍പ്പെട്ടവരാണ് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍. ദരിദ്രരും ഭൂരഹിതരുമാണ് ഈ വിഭാഗം.
ഇതേ ഗ്രാമത്തില്‍ ഇതേ സ്ഥലത്ത് ദശകങ്ങളായി താമസിക്കുന്നവരാണ് തങ്ങളെന്ന് കുടിയിറക്കപ്പെട്ടവരിലൊരാളായ ജിതേന്ദ്ര മുഷാര്‍ പറഞ്ഞു.
അക്രമികള്‍ വീടുകള്‍ ആക്രമിക്കുകയും വീട്ടുസാധനങ്ങള്‍ വണ്ടിയിലാക്കി വനപ്രദേശത്തിനടുത്ത് ഇറക്കിവിടുകയും ചെയ്തു.
ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുടിയിറക്കിന് കാരണമെന്നാണ് കരുതുന്നത്.
പ്രതികളെ പിടികൂടാന്‍ ശ്രമം തുടങ്ങി.