ഗുജറാത്ത് തീരത്ത് 200 കോടിയുടെ ലഹരി മരുന്നുമായി പാക് ബോട്ട് പിടിയില്‍;6 പാക് പൗരന്മാര്‍ കസ്റ്റഡിയില്‍
തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്
അഹമ്മദാബാദ്: 200 കോടി വിലമതിക്കുന്ന 40 കിലോ ലഹരി മരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയില്‍.തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്.ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാരെയും കസ്റ്റഡിലെയുത്തിട്ടുണ്ട്.
കച്ച് ജില്ലയിലെ ജഖു ഹാര്‍ബറിനോടടുത്തു വച്ചാണ് ബോട്ട് പിടിയിലായത്.തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ബോട്ട് എത്തിയത്.ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം പഞ്ചാബിലേക്കു റോഡു മാര്‍ഗം ലഹരിമരുന്നു കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തിയത്.
ബോട്ടില്‍ ഉള്ള പാക് പൗരന്മാരെ തുറമുഖത്തേക്ക് എത്തിച്ച് ചോദ്യം ചെയ്യുമെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഗുജറാത്ത് തീരത്തു നിന്ന് നേരത്തെയും മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിലായിട്ടുണ്ട്.