സംസ്ഥാനത്ത് 60 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

15നും 35നും ഇടയില്‍ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടനെ തൊഴിലിനു പ്രാപ്തമാക്കും

Update: 2022-06-23 13:09 GMT

തിരുവനന്തപുരം: എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതി സര്‍വേയിലൂടെ ഏകദേശം 60 ലക്ഷത്തോളം പേരെയാണ് തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി.

ഇതില്‍ 15നും 35നും ഇടയില്‍ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടനെ തൊഴിലിനു പ്രാപ്തമാക്കും. ഒരു വാര്‍ഡില്‍ ഒരു ഉദ്യോഗാര്‍ഥി എന്ന നിലയിലാണ് ആദ്യം തൊഴില്‍ ലഭ്യമാക്കുന്നത്. കൂടാതെ ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയിലൂടെ 80 ശതമാനത്തോളം സംരംഭകരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണ്. ചിലരെങ്കിലും ഫയലുകളില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മൂന്നുവര്‍ഷത്തിനപ്പുറം ഒരു ഉദ്യോഗസ്ഥനും ഒരേ സ്ഥാനത്തു തുടരുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതില്‍ മാത്രമായി ഒതുങ്ങാതെ തൊഴില്‍ ദാതാവായി മാറണം.

കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. അധികം വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കണമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാനും നല്ല ആരോഗ്യവും തൊലിവസര സൃഷ്ടിയും ലക്ഷ്യമിട്ടാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കിയതെന്നും മികച്ച പ്രതികരണം സംസ്ഥാനത്ത് ഉടനീളം ലഭിക്കുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 10,000 കൃഷി കൂട്ടങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം തന്നെ 25000 കൃഷിക്കൂട്ടങ്ങള്‍ പദ്ധതിയുടെ ഭാഗമായി. സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് ഏകീകൃത ശൃംഖല കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഓരോ കൃഷി ഭവന്‍ കേന്ദ്രീകരിച്ചും ഓരോ ഉല്‍പ്പന്നം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍എസ്ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നവകേരളം കര്‍മ്മ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ.ടി എന്‍ സീമ, കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ ഡയറക്ടര്‍ ടി.വി സുഭാഷ്, മേയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രസന്ന ഏണസ്റ്റ്, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബിപി മുരളി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേഷ്, എംജിഎന്‍ആര്‍ഇജി ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീവിദ്യ, പ്ലാനിങ് ബോര്‍ഡ് മെമ്പര്‍മാരായ ജിജു പി അലക്‌സ്, ഡോ. രവിരാമന്‍ കെ, കില ഡയറക്ടര്‍ ജോയി ഇളമണ്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. 

Tags:    

Similar News