മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്‌കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർഥികളിലും ബോധവ്തകരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകമാകെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്നു ലോബിക്കെതിരേ നടക്കുന്ന സമരങ്ങൾക്കു കേരളത്തിന്റെ ഐക്യദാർഢ്യമായി ഈ അതിവിപുല ബോധവത്കരണം മാറണമെന്നു മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചാൽ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാർഥികളിൽ വളർത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ഈ പ്രചാരവേലയിൽ കുട്ടികളും യുവജനങ്ങളും വീണുപോകുകയാണ്. ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നതാണ് ഈ പ്രചാരവേല. വലിയ വ്യാപ്തിയിൽ നടക്കുന്ന ഈ പ്രചാരണത്തെ മറികടക്കാൻ ഇപ്പോൾ നടക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മുൻനിർത്തിയാണു സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കോളജുകളിലും പ്രൊഫഷണൽ കോളജുകളിലും വിപുലമായ രീതിയിൽ പ്രചാരണം നടത്താനുള്ള തീരുമാനം.
എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, യുവജന സംഘടനകൾ തുടങ്ങിയവരെ ഇതിനായി ഉപയോഗപ്പെടുത്തണം. വിദ്യാർഥികളെ വിവിധ തലങ്ങളിൽ ഏകോപിപ്പിച്ച് ബോധവ്തകരണത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനെതിരായി ഇടപെടൽ നടത്താനായാൽ ഒന്നോ രണ്ടോ വർഷംകൊണ്ടു ലക്ഷ്യപ്രാപ്തി നേടാനാകുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്നു വിൽപ്പന നടത്തുന്ന തടയാൻ സ്‌കൂൾ അധികൃതരും രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാർഥികളിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ ബോധവത്കരണം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച അവബോധം നൽകുന്നതിനു വിമുക്തി മിഷൻ അധ്യാപകർക്കായി തയാറാക്കിയ കരുതൽ എന്ന കൈപ്പുസ്തകം മന്ത്രി ആന്റണി രാജുവിനു നൽകിയും വിദ്യാർഥികൾക്കായി തയാറാക്കിയ കവചം എന്ന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിനു നൽകിയും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു. വിമുക്തി മിഷൻ സംസ്ഥാനതലത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലർ പാളയം രാജൻ, എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, അഡിഷണൽ എക്സൈസ് കമ്മിഷണർ ഇ.എൻ. സുരേഷ്, വിമുക്തി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡി. രാജീവ്, എക്സൈസ് വിജിലൻസ് സൂപ്രണ്ട് ഓഫ് പൊലീസ് കെ. മുഹമ്മദ് ഷാഫി, ദക്ഷിണമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ എ.ആർ. സുൽഫിക്കർ, അവെയർനസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ. ഗോപകുമാർ, എൻ.എസ്.എസ്. സ്റ്റേറ്റ് ഓഫിസർ ഡോ. ആർ.എൻ. അൻസർ, കെ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.