പ്രതിദിനം 60,000 പേര്‍ക്ക് ഉംറക്ക് അനുമതി; വിദേശികള്‍ക്ക് തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം

Update: 2021-08-08 08:51 GMT

മദീന: ഈ വര്‍ഷം ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം. ഏതാനും ചില രാജ്യങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ വിസ അനുവദിക്കുന്നത്. പിന്നീട് എല്ലാ രാജ്യങ്ങള്‍ക്കും ഘട്ടം ഘട്ടമായി അനുമതി നല്‍കും.

ഉംറക്കുള്ള വിസക്ക് ആഗസ്റ്റ് 9ാം തിയ്യതി മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. കൊവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം പ്രതിദിനം 60,000 പേര്‍ക്കാണ് അനുമതിയുള്ളത്. അതോടെ പ്രതിമാസ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിമാസം 2 ദശലക്ഷമായി മാറും. 18 മാസത്തിനുശേഷമാണ് വിദേശ തീര്‍ത്ഥാടകര്‍ക്ക് സൗദി ഉംറ അനുമതി നല്‍കുന്നത്.

ഹജ്ജിന് ഈ വര്‍ഷം ജൂലൈയിലും കഴിഞ്ഞ വര്‍ഷവും അനുമതി നല്‍കിയിരുന്നെങ്കിലും നാട്ടുകാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. 

ഉംറ നിര്‍വഹിക്കാനുള്ളവര്‍ തവകല്‍ന, ഈറ്റ്മാര്‍ണ എന്നീ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂ. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനാനുമതിയില്ല.

യാത്രികര്‍ സഞ്ചരിക്കുന്ന ബസ്സില്‍ ശേഷിയുടെ പകുതി മാത്രം പേര്‍ക്കേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. അധികൃതര്‍ നല്‍കുന്ന ആപ്പ് ഉപയോഗിച്ചാണ് ബസ്സുകള്‍ക്ക് അനുമതി വാങ്ങേണ്ടത്. യാത്രക്കാരെ ഇറക്കാനും കയറ്റാനും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

അധികൃതരുടെ അനുമതിയുള്ള ഹോട്ടലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍, ഉംറ കമ്പനികള്‍ എന്നിവരുടെ സര്‍വീസുകളും സ്വീകരിക്കാം.  

Similar News