പനാജി: കോണ്‍ഗ്രസ്സിന്റെ 11 എംഎല്‍എമാരില്‍ 8 പേര് ബിജെപിയിലേക്കെന്ന് സൂചന നല്കി പാര്‍ട്ടി സംസ്ഥാന മേധാവി. ബിജെപിയിലേക്കുള്ള ഒഴുക്കിന് തടയിട്ട് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് വീണ്ടും സമാനമായ നീക്കമുണ്ടായിരിക്കുന്നത്. ബിജെപിയിലേക്ക് ചേക്കേറാനിരിക്കുന്ന എംഎല്‍എമാര്‍ സ്പീക്കറെ കണ്ടതായി പാര്‍ട്ടി മേധാവി സദാനന്ദ ഷെട്ടി തനവാദെ പറഞ്ഞു.
നിയമസഭ ഇല്ലാത്ത സമയത്ത് സ്പീക്കറെ കണ്ടിട്ടുണ്ടെങ്കില്‍ അത് അസാധാരണ നടപടിയായാണ് കണക്കാക്കുന്നത്. അതേസമയം ഇവരുടെ അജണ്ടയെന്താണെന്ന് വ്യക്തമല്ല. എട്ട് പേര് ഒരുമിച്ച് പാര്‍ട്ടി വിടുകയാണെങ്കില്‍ ഇവര്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധി മറികടക്കാന്‍ കഴിയും.
പാര്‍ട്ടിയിലെ 6 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി രണ്ട് മാസം മുമ്പ് വാര്‍ത്ത വന്നിരുന്നു.
ദിഗംബര്‍ കാമത്ത്, മൈക്കിള്‍ ലോബോ തുടങ്ങിയ പ്രമുഖരും അതില്‍ ഉള്‍പ്പെട്ടിരുന്നു.
ആ സമയത്ത് ഏഴ് പേരെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ പിന്നീട് നീക്കമൊന്നും നടന്നില്ല.
അവരില്‍ നാല് പേര് അപ്പോഴും ഇടഞ്ഞുനില്‍ക്കുകയായിരുന്നു. അതേ തുടര്‍ന്ന് കോണ്‍ഗ്രസ് മൈക്കള്‍ ലോബോയെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മാറ്റി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ്സിലെത്തിയത്.
എംഎല്‍എമാരുടെ ഇപ്പോഴത്തെ നീക്കം വ്യക്തമല്ല.