ലെബനനില്‍ വീണ്ടും സ്‌ഫോടനം; പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; 100 ഓളം പേര്‍ക്ക് പരിക്ക്

Update: 2024-09-18 15:29 GMT

ബെയ്‌റൂത്ത്: പേജറുകള്‍ പൊട്ടിത്തെറിച്ച് മണിക്കൂറുകള്‍ കഴിയുന്നതിന് പിന്നാലെ ലെബനനില്‍ ഹിസ്ബുല്ല കേന്ദ്രത്തില്‍ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്‌റൂത്തിലെ ശക്തികേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചത്. ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചതിന് സമാനമാണ് പുതിയ സ്‌ഫോടനവും.

ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിരവധി വാക്കി ടോക്കികള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളില്‍ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ലെബനനിലെ ബേക്ക മേഖലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെയുണ്ടായ പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ച ജനക്കൂട്ടത്തിനിടയിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. സ്ഫോടനം ശബ്ദം കേട്ട് പരിഭ്രാന്തരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ നാലു പാടും ചിതറിയോടി. വാക്കിടോക്കി സ്ഫോടനത്തില്‍ വീടുകളിലും ഫ്ളാറ്റുകളിലും വാഹനങ്ങളിലും തീ പടര്‍ന്നുപിടിച്ചു.

കഴിഞ്ഞ ദിവസം ഹിസ്ബുല്ല അംഗങ്ങള്‍  ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 4,000 കവിഞ്ഞതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ 400 പേരുടെ നില ഗുരുതരമാണ്. സ്ഫോടനങ്ങളില്‍ 500 ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പാണ് എല്ലാവരെയും ഞെട്ടിച്ച് വാക്കിടോക്കികളും പൊട്ടിത്തെറിച്ചത്. ലെബനോനിലെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും ഇന്ന് വാക്കിടോക്കി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.







Tags:    

Similar News