15 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചത് 94 പേര്‍; ശിക്ഷ നല്‍കിയത് ഒരു കേസില്‍ മാത്രം

Update: 2024-12-02 07:00 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍ 19, 2010, യുപിയിലെ ബാഗ്പത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ മഹേഷ് ചന്ദ്, കുത്തബ് മിനാറിനടുത്തുള്ള അന്നത്തെ എല്‍എസ്ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസിലെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങി. പക്ഷേ അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന ദിനമായിരുന്നു. മഹേഷ് ചന്ദ അഴുക്കുചാലില്‍ മുങ്ങിമരിച്ചു.സംഭവത്തില്‍ അന്ന് സൂപ്പര്‍െൈവസര്‍ക്കെതിരേ കുറ്റം ചുമത്തി. പക്ഷേ പിന്നീട് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2018ല്‍ ഡല്‍ഹി കോടതി സൂപ്പര്‍വൈസറെ കുറ്റവിമുക്തനാക്കി. നീതി ലഭിക്കാതെ മരണഭാരം പേറുന്ന നിരവധി മഹേഷ് ചന്ദ്മാരും കുടുംബങ്ങളും കൂടി അടങ്ങിയതാണ് ഇന്ന് ഡല്‍ഹി.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ 94 പേരാണ് മരിച്ചത്. എന്നാല്‍ 75 മരണങ്ങളില്‍, ഒരു കേസില്‍ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

രേഖകള്‍ പ്രകാരം, ഈ 75 മരണങ്ങളുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത 38 കേസുകളില്‍ ഒമ്പതെണ്ണം മാത്രമാണ് കോടതിയില്‍ തീര്‍പ്പാക്കിയത്. ഹൈക്കോടതി റദ്ദാക്കിയ രണ്ട് കേസുകള്‍, ഒത്തുതീര്‍പ്പ് കേസ്, ഒരു ക്ലോഷര്‍ റിപ്പോര്‍ട്ട്, പ്രതിയെ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പോലിസ് പറഞ്ഞ രണ്ട് കേസുകള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. കുറ്റവിമുക്തരാക്കിയ ഉത്തരവിനെ പോലിസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

75 മരണങ്ങളില്‍, 2009 ന് ശേഷമുള്ള ഒരേയൊരു കേസിലാണ് ഒരു സൈറ്റ് സൂപ്പര്‍വൈസര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇരയ്ക്ക് ഓക്‌സിജന്‍ മാസ്‌കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും നല്‍കാത്തതിന് ആറ് മാസം അയാളെ ജയിലിലടച്ചു.ഉദ്യോഗസ്ഥരും സാക്ഷികളും ഹിയറിംഗിന് ഹാജരാകാത്തത്, മതിയായ ജീവനക്കാരുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ ബാക്കിയുള്ള കേസുകളില്‍ പലതും ഡല്‍ഹിയിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്.

പല കേസുകളും കെട്ടി കിടക്കുന്നത് പല കാരണങ്ങള്‍ മൂലമാണ്. കുറഞ്ഞത് മൂന്ന് കേസുകളിലെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചു.രണ്ട് കേസുകളിലെങ്കിലും സാക്ഷിയുടെ വിലാസം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. കുറഞ്ഞത് അഞ്ച് കേസുകളിലെങ്കിലും, സാക്ഷികളോ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയില്‍ പതിവായി ഹാജരാകുന്നതില്‍ പരാജയപ്പെട്ടു. പിന്നെ പോലിസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കാത്തതും കുറ്റപത്രം സമര്‍പ്പിക്കാത്തതുമായ അഞ്ച് കേസുകളെങ്കിലും ഉണ്ട്.

2009ല്‍ പട്പര്‍ഗഞ്ച് വ്യാവസായിക മേഖലയില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഡിഎസ്‌ഐഐഡിസിയുടെ പരിസരത്ത് അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രാജേഷ് മെഹ്‌തോ എന്നയാള്‍ മരിച്ചു.വിഷവാതകം ശ്വസിച്ച് മെഹ്‌തോ അബോധാവസ്ഥയില്‍ വീണതിനെത്തുടര്‍ന്ന്, പമ്പ് ഹൗസിന്റെ നടത്തിപ്പുകാരനായ നര്‍ സിങ്ങും നാട്ടുകാരനായ വിജയ് കുമാറും കൂടി അയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ബോധരഹിതരായി വീഴുകയായിരുന്നു. പിന്നീട് മെഹ്‌തോയും നര്‍ സിംഗും മരിക്കുകയും കുമാര്‍ രക്ഷപ്പെടുകയും ചെയ്തു. ഡിഎസ്‌ഐഐഡിസി ഈ ജോലി ഏല്‍പ്പിച്ച ഒരു സ്വകാര്യ ഫോമിലേക്ക് അന്വേഷണം നീണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രതികളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് ഡല്‍ഹി പോലിസ് കേസില്‍ 'അണ്‍ട്രേസ്ഡ് റിപ്പോര്‍ട്ട്' ഫയല്‍ ചെയ്തു.

1993-ല്‍ തോട്ടിപ്പണി നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ദേശീയതലത്തില്‍ അഴുക്ക് ചാലില്‍ വാണ് മരിക്കുന്നവരുടെ എണ്ണത്തില്‍ ഡല്‍ഹി (116) അഞ്ചാം സ്ഥാനത്താണ് എന്ന് രേഖകള്‍ കാണിക്കുന്നു. 2009-ല്‍ രണ്ടും 2015-ല്‍ നാലും 2022-ല്‍ നാലും ഉള്‍പ്പെടെ 2009-ന് ശേഷം ഡല്‍ഹിയില്‍ നടന്ന 94 മരണങ്ങളില്‍ പത്തുപേരുടെ രേഖകളൊന്നും ലഭ്യമല്ല. ഒമ്പത് മരണങ്ങള്‍ക്ക് കാരണമായ മറ്റ് അഞ്ച് കേസുകളില്‍ കോടതി രേഖകള്‍ ലഭ്യമല്ല എന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ അഴുക്കുചാല്‍ മരണങ്ങളില്‍ പലതും ദേശീയ തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകള്‍, ആശുപത്രികള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെ സ്ഥലങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇരകളിലേറെയും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. നിയമപോരാട്ടം നടത്താനുള്ള ശേഷി ഇല്ലാത്തതിനാല്‍ തന്നെ പണത്തിനായി കരാറുകാരുമായി ഒത്തുതീര്‍പ്പാക്കാന്‍ ഇരകള്‍ നിര്‍ബന്ധിതരാകുന്നു എന്ന വസ്തുതയും കാണാതിരുന്നുകൂട.


Tags:    

Similar News