തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആയുർവേദം, ഹോമിയോപതി ഉൾപ്പെടെയുള്ള ആയുഷ് മേഖലയിൽ മൂന്നിരട്ടിയോളം വർധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകൾക്ക് പുറമേ പുതുതായി 280 ആയുഷ് ഡിസ്പെൻസറികളെ 'ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി' ഉയർത്തും. അട്ടപ്പാടിയിൽ 15 കോടി രൂപ വിനിയോഗിച്ച് 50 കിടക്കകളുള്ള ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കും. കൊട്ടാരക്കരയിൽ 30 കിടക്കകളുള്ള 10.5 കോടി രൂപയുടെയും അടൂരിൽ 10 കിടക്കകളുള്ള 7.5 കോടി രൂപയുടെയും ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രികൾ നിർമ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ രണ്ട് സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ്, രണ്ട് ഹോമിയോപതി സർക്കാർ മെഡിക്കൽ കോളേജ് എന്നിവ രോഗീ സൗഹൃദമാക്കുന്നതിനായി 5.25 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകൾക്കായി അഞ്ച് ജില്ലകളിൽ ജില്ലാ ആയുഷ് ലബോറട്ടറികൾ ആരംഭിക്കും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജില്ലാ ആയുഷ് ലബോറട്ടറികൾ ആരംഭിക്കുന്നത്.
അനീമിയ പരിഹരിക്കുന്നതിനുള്ള ആയുർവേദ ആരോഗ്യ പദ്ധതിയായ അരുണിമ, വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ഐസിഡിഎസ് കേന്ദ്രങ്ങളിലും നടപ്പിലാക്കും. ഇതിനുപുറമേ ആയുഷ് ചികിത്സാ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്ഥാപനങ്ങളെ 'കാഷ് ആയുഷ്' ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രത്യേക പദ്ധതി, പാലീയേറ്റീവ് കെയർ, വൃദ്ധജന പരിപാലനം, ആദിവാസി മേഖലയിലെ മൊബൈൽ ചികിത്സാ സംവിധാനങ്ങൾ, 3 ജില്ലാ ആസ്ഥാനങ്ങളിൽ യോഗാ കേന്ദ്രങ്ങൾ, ജീവിതശൈലീ രോഗ നിർണയ പദ്ധതി, എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ. നാഷണൽ ആയുഷ് മിഷൻ മുഖേനയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.