താജ് മഹല്‍ നില്‍ക്കുന്നത് ജയ്പൂര്‍ രാജാവിന്റെ ഭൂമിയിലെന്ന അവകാശവാദവുമായി ബിജെപി എംപി

Update: 2022-05-11 13:20 GMT

ജയ്പൂര്‍: താജ് മഹല്‍ നില്‍ക്കുന്നത് മുന്‍ ജയ്പൂര്‍ രാജാവിന്റെ ഭൂമിയിലാണെന്നും പിന്നീട് അത് മുഗള്‍ രാവാജായ ഷാജഹാന്‍ പിടിച്ചെടുക്കുകയുമായിരുന്നുവെന്നും ബിജെപി എംപി ദിയ കുമാരി. അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കയ്യിലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

''എന്റെ കയ്യിലുളള രേഖപ്രകാരം താജ് മഹല്‍ നില്‍ക്കുന്നിടത്ത് ഒരു കൊട്ടാരമായിരുന്നു. ഷാജഹാന്‍ അത് പിടിച്ചെടുത്തു. ആ ഭൂമി ജയ്പൂര്‍ രാജാവിന്റെതായിരുന്നു. അതു തെളിയിക്കുന്നതിനുളള രേഖ ലഭിച്ചിട്ടുണ്ട്- ദിയ കുമാരി മാധ്യമങ്ങളോട് പറഞ്ഞു.

രേഖപ്രകാരം ഷാജഹാന് അത് ഇഷ്ടമായി അതുകൊണ്ട് പിടിച്ചെടുത്തു. പകരം കുറച്ച് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. കോടതി പറഞ്ഞാല്‍ രേഖ ഹാജരാക്കും- രാജ്‌സമന്ദില്‍നിന്നുളള എംപികൂടിയായ അവര്‍ പറഞ്ഞു.

താജ് മഹലില്‍ അടഞ്ഞുകിടക്കുന്ന 22 വാതിലുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട ഹരജി അലഹബാദ് ഹൈക്കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് പുതിയ അവകാശവാദവുമായി എംപിയുടെ കടന്നുവരവ്. വാതിലുകള്‍ തുറക്കാന്‍ പുരാവസ്തുവകുപ്പിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. കൂടാതെ അവിടെയുളള ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പുരാവസ്തുവകുപ്പിന്റെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അടഞ്ഞുകിടക്കുന്ന വാതിലുകള്‍ക്കുള്ളില്‍ ഹിന്ദു ദൈവങ്ങളാണെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്.

Tags:    

Similar News