മാലിന്യക്കൂടയില്ലാത്ത രാജ്യം; ശുചിത്വത്തിന്റെ മുഖമുദ്രയായി ഉദയസൂര്യന്റെ നാട്

Update: 2025-03-20 09:02 GMT
മാലിന്യക്കൂടയില്ലാത്ത രാജ്യം; ശുചിത്വത്തിന്റെ മുഖമുദ്രയായി ഉദയസൂര്യന്റെ നാട്

ടോക്കിയോ: ഏറ്റവും മികച്ച സാങ്കേതികവിദ്യക്കും ഏറ്റവും നല്ല ഗാഡ്ജെറ്റുകള്‍ക്കും പേരു കേട്ട നാടാണ് ജപ്പാന്‍. സോഫ്റ്റ് ഡ്രിങ്ക് ക്യാന്‍ മുതല്‍ ടോയ് വരെ എല്ലാം അവിടെ കാണാം.ഉദയ സൂര്യന്റെ ഈ നാട്ടില്‍, എന്നാല്‍ ഒന്ന് മാത്രം എവിടേയും കാണാന്‍ കഴിയില്ല. എന്താണെന്നല്ലേ? , വേസ്റ്റ് ബിന്‍. നിങ്ങളുടെ മാലിന്യം നിങ്ങളുടേത് എന്ന തത്ത്വത്തിനാണ് ജപ്പാനില്‍ സ്ഥാനം. സ്വന്തം മാലിന്യം മറ്റുള്ളവര്‍ ശേഖരിക്കാന്‍ വേണ്ടി ഉപേക്ഷിക്കരുതെന്ന് വാദിക്കുന്നതാണ് ജപ്പാന്റെ സംസ്‌കാരം. ആധുനിക മാലിന്യ നിര്‍മാര്‍ജന സംവിധാനത്തെ ജപ്പാന്‍കാര്‍ പിന്തുണയ്ക്കുകയും അത് സ്വയം ചെയ്യുകയും ചെയ്യുന്നു.


2022 ലെ ഫുട്‌ബോള്‍ ലോകകപ്പിനിടെ ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകള്‍ വൃത്തിയാക്കുന്ന ജാപ്പനീസ് ഫുട്‌ബോള്‍ ആരാധകരുടെ വൈറല്‍ വീഡിയോകള്‍ അതിനുദാഹരണമാണ്. ശുചിത്വം ജപ്പാനിലെ ഒരു ജീവിതരീതിയാണ്. ഒരു സ്ഥലത്തോടുള്ള ബഹുമാനത്തിന്റെ അടയാളം കൂടിയാണ് അവര്‍ക്ക് ശുചിത്വം.

വീട്ടിലെപ്പോലെ സ്‌കൂളിലും കുട്ടികളെ അവര്‍ ഉപയോഗിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കാന്‍ പഠിപ്പിക്കുന്നു. നിങ്ങളുടെ മാലിന്യം വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന സൈന്‍ബോര്‍ഡുകള്‍ അവര്‍ എവിടെയും വച്ചിട്ടുണ്ടാകും.

എന്നു മുതലാണ് ജപ്പാനില്‍ ഇത്തരം ഒരു തീരുമാനം ഉണ്ടായത് എന്നതായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. 1995 മാര്‍ച്ച് 20 ന് ടോക്കിയോ സബ്വേയില്‍ നടന്ന സരിന്‍ വാതക ആക്രമണത്തിന്റെ കഥയില്‍ നിന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ തുടക്കം.

സരിന്‍ വാതക ആക്രമണം

ചിസുവോ മാറ്റ്സുമോട്ടോ എന്ന ഫാര്‍മസിസ്റ്റ് 1984ല്‍ ധ്യാന ക്ലാസായി ഓം ഷിരിങ്ക്യോ കള്‍ട്ട് ആരംഭിച്ചു. ഹിന്ദുമതം, ടിബറ്റന്‍ ബുദ്ധമതം, ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ എന്നിവയുടെ സമന്വയ മിശ്രിതത്തില്‍ ഈ സംഘം വിശ്വസിച്ചിരുന്നു, കൂടാതെ ഹിന്ദു ദൈവമായ ശിവനില്‍ നിന്നാണ് അതിന്റെ പ്രചോദനം കൂടുതലും സ്വീകരിച്ചത്. ഒരു കള്‍ട്ട് അംഗത്താല്‍ കൊല്ലപ്പെടുന്നതിലൂടെ മാത്രമേ ഒരാളെ രക്ഷിക്കാന്‍ കഴിയൂ എന്ന അപ്പോക്കലിപ്‌സിന്റെ ഒരു പതിപ്പിലും അവര്‍ വിശ്വസിച്ചു. എല്ലാ കള്‍ട്ടുകളെയും പോലെ, ഓം ഷിരിങ്ക്യോ അംഗങ്ങള്‍ ശംഭല രാജ്യത്തിലും വിശ്വസിച്ചിരുന്നു.


തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ചിസുവോ മാറ്റ്സുമോട്ടോ തന്റെ പേര് ഷോക്കോ അസഹാര എന്ന് മാറ്റി.ടോക്കിയോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റ് ഓം ഷിരിങ്ക്യോയ്ക്ക് ഒരു ഔദ്യോഗിക മത കോര്‍പ്പറേഷന്‍ പദവി നല്‍കി. ജപ്പാനില്‍ ഈ സംഘം പ്രചാരത്തിലായതോടെ, ഉയര്‍ന്ന അംഗീകാരം നേടിയ അസഹാര ശംഭാലയെ ആഗ്രഹിച്ചു. കൂടാതെ ശംഭലയിലേക്ക് എത്താന്‍ തന്റെ അംഗങ്ങളെ കൊല്ലണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

മാര്‍ച്ച് 22 ന് ജാപ്പനീസ് സൈന്യം നടത്താനിരിക്കുന്ന ഒരു റെയ്ഡിനെക്കുറിച്ച് അസഹാരയ്ക്ക് സൂചന ലഭിച്ചിരുന്നു. ഉടന്‍ തന്നെ അഞ്ച് കള്‍ട്ട് അംഗങ്ങളുടെ ഒരു സംഘത്തെ അസഹാര വിളിച്ചുകൂട്ടി, ഷെഡ്യൂള്‍ ചെയ്ത റെയ്ഡിന് രണ്ട് ദിവസം മുമ്പ് ടോക്കിയോ സബ്വേയില്‍ ഒരേസമയം ആക്രമണം നടത്താന്‍ ഉത്തരവിട്ടു.

1995 മാര്‍ച്ച് 20-ന്, അഞ്ച് കള്‍ട്ട് അംഗങ്ങള്‍ ദ്രാവക സരിന്‍ നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങി, പിന്നീട് അവ പത്രത്തില്‍ പൊതിഞ്ഞു. ഓരോ അംഗവും മൂര്‍ച്ചയുള്ള അഗ്രമുള്ള ഒരു കുട കൈവശം വച്ചിരുന്നു. കുടയുടെ അഗ്രം ഉപയോഗിച്ച് പ്ലാസ്റ്റിക് സരിന്‍ ബാഗുകള്‍ തുളയ്ക്കുക എന്നതായിരുന്നു ആശയം.

മാര്‍ച്ച് 20 ന് രാവിലെ, ട്രെയിനില്‍ കയറിയ ഓം ഷിരിങ്ക്യോ കള്‍ട്ട് അംഗങ്ങള്‍ കുടയുടെ അഗ്രം ഉപയോഗിച്ച് പ്ലാസ്റ്റിക് സരിന്‍ ബാഗുകള്‍ തുളച്ചു, ദ്രാവകം പുറത്തേക്കൊഴുകി. ഓക്കാനം, തലകറക്കം എന്നിവ അനുഭവപ്പെട്ട യാത്രക്കാരില്‍ പലരും മരിച്ചു.


അന്ന്, ഓം ഷിരിങ്ക്യോ അംഗങ്ങള്‍ ട്രെയിനുകള്‍ക്കുള്ളില്‍ അഴിച്ചുവിട്ട ഈ കലാപത്തില്‍ 12 പേരാണ് മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. കുറ്റകൃത്യത്തെ തുടര്‍ന്ന് 1995 മുതല്‍ 2018 വരെ സങ്കീര്‍ണ്ണമായ നിയമനടപടികളാണ് നടന്നത്. സരിന്‍ ആക്രമണത്തിലെ കുറ്റവാളികള്‍ക്കെല്ലാം വധശിക്ഷ വിധിച്ചു. അസഹാരയെയും അദ്ദേഹത്തിന്റെ ആറ് മുന്‍ അനുയായികളെയും ആദ്യം വധശിക്ഷയ്ക്ക് വിധേയരാക്കി. തുടര്‍ന്ന് ജപ്പാന്‍ അവരുടെ പൊതു മാലിന്യക്കൂമ്പാരങ്ങളെല്ലാം ഒഴിവാക്കി. ഇപ്പോള്‍, സരിന്‍ വാതക ആക്രമണത്തിനുശേഷം മുപ്പത് വര്‍ഷമായി, പൊതുസ്ഥലങ്ങളില്‍ നിന്ന് മാലിന്യക്കൂമ്പാരങ്ങള്‍ മാറ്റി സൂക്ഷിക്കുക എന്ന തീരുമാനത്തില്‍ ജപ്പാന്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങിയിട്ട്.

Tags:    

Similar News