യു പി മുഖ്യമന്ത്രിക്കെതിരേ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആദിത്യനാഥിനെതിരേ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് ഠാക്കൂറിനെ പോലിസ് അറസ്റ്റ് ചെയ്തു. സുപ്രിം കോടതിക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിന്റെ പേരിലാണ് അറസ്റ്റ്. പീഡനത്തിനിരയാക്കിയ ബിഎസ്പി എംപി അതുല്‍ റായിക്കെതിരേ പരാതി നല്‍കിയിട്ടും പോലിസ് കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് യുവതിയും ഭര്‍ത്താവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ബിഎസ്പി എംപി അതുല്‍ റായിക്കും അമിതാഭ് ഠാക്കൂറിനും എതിരേ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിറകെയാണ് അമിതാഭ് ഠാക്കൂറിനെ അറസ്റ്റ് ചെയ്തത്.