തിരഞ്ഞെടുപ്പിന് മുന്‍പേ ഏകീകൃത സിവില്‍കോഡ് ബില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ പാസാക്കാന്‍ ബിജെപി നീക്കം
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ ശക്തമായ തന്ത്രങ്ങളൊരുക്കി വിജയം ഉറപ്പിക്കാന്‍ പരിശ്രമിക്കുകയാണ് ബിജെപി. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവില്‍കോഡും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് അടുത്ത നീക്കം. ഉത്തരാഖണ്ഡില്‍ യുസിസി ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അടുത്തമാസം അഞ്ചിന് നിയമസഭ ചേരും. തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ പാസാക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തവണ ലേകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനപ്പെട്ട മൂന്ന് ആയുധങ്ങളില്‍ ഇനി നടപ്പാക്കനുള്ളത് ഏകീകൃത സിവില്‍കോഡാണ്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, എന്നീ ആദ്യ രണ്ടുകാര്യങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍.
2022 മെയിലാണ് മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന്‍ പ്രകാശ് ദേശായിയുടെ നേതൃത്ത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. ഉത്തരാഖണ്ഡിന് പിന്നാലെ അസമിലും ഗുജറാത്തിലും ബില്‍ ചര്‍ച്ചയ്ക്കെടുത്ത് പാസാക്കാനാണ് ശ്രമം. മൂന്ന് സംസ്ഥാനങ്ങളിലും ബില്‍ പാസാക്കുന്നതോടെ ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയാക്കുകയാണ് ബിജെപി ലക്ഷ്യം.ഏകീകൃത സിവില്‍ കോഡ് വിഷയം ബിജെപി ഉയര്‍ത്തിയപ്പോള്‍ അസമടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടേതടക്കം അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുന്നതിന് നിയമ കമ്മീഷന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.