മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദൂപ്പ (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍രോഗബാധിതനായതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 20 ആയി.
പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കൊവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുന്ന മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫംഗ്ഷന്‍ എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ് എന്നിവ നല്‍കി. രോഗിയുടെ നില വീണ്ടും വഷളായതോടെ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികില്‍സയോട് പ്രതികരിക്കാതെ ആഗസ്റ്റ് 11ന് രാവിലെ രോഗി മരണത്തിന് കീഴടങ്ങി.