ഫിലിപ്പൈന്‍സില്‍ കോഴിപ്പോര് തടയുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു
ഫിലിപ്പൈന്‍സില്‍ കോഴിപ്പോര് നിയമം മൂലം നിരോധിച്ചതാണെങ്കിലും രഹസ്യമായി നടക്കാറുണ്ട്.
സമര്‍: ഫിലിപ്പീന്‍സില്‍ നിയമവിരുദ്ധമായ കോഴിപ്പോര് തടയുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് രക്തം വാര്‍ന്ന് പോലിസുകാരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ സമര്‍ പ്രവിശ്യയിലെ ക്രിസ്റ്റ്യന്‍ ബൊലോക്ക് എന്ന പോലീസുകാരനാണ് മരിച്ചത്. പോരു കോഴിയുടെ കാലില്‍ ഘടിപ്പിച്ച മൂര്‍ച്ചയേറിയ ബ്ലേഡ് തട്ടി പോലിസുകാരന്റെ കാലിലെ രക്തക്കുഴല്‍ മുറിയുകയായിരുന്നു. അദ്ദേഹത്തെ പ്രവിശ്യാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വന്‍തോതില്‍ രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭിക്കുകയായിരുന്നു.
ഫിലിപ്പൈന്‍സില്‍ കോഴിപ്പോര് നിയമം മൂലം നിരോധിച്ചതാണെങ്കിലും രഹസ്യമായി നടക്കാറുണ്ട്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്ന കോഴിപ്പോര് അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. ഫിലിപ്പൈന്‍സില്‍ 'ടുപാഡ' എന്നറിയപ്പെടുന്ന കോഴിപ്പോര് അധികൃതരുടെ കണ്ണുവെട്ടിച്ച് രഹസ്യ കേന്ദ്രങ്ങളിലാണ് നടത്താറുള്ളത്. ഇത്തരത്തില്‍ കൊഴിപ്പോര് നടത്തുന്നത് തടയാനും കോഴികളെ പിടിച്ചെടുക്കാനും എത്തിയതായിരുന്നു ക്രിസ്റ്റ്യന്‍ ബൊലോക്ക് . ' സേവനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഒരു സഹോദരനെ ഞങ്ങള്‍ക്ക് നഷ്ടമായതിനാല്‍ എനിക്ക് കനത്ത വ്യസനമുണ്ട് ' നോര്‍ത്തേണ്‍ സമര്‍ പോലീസ് പ്രൊവിന്‍ഷ്യല്‍ ഡയറക്ടര്‍ ആര്‍നെല്‍ അപൂദ് ഫിലിപ്പീന്‍സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.