സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്ത ഘട്ടത്തില്‍ സഭയില്‍ പങ്കെടുത്തതിന് എ രാജ 2500 രൂപ പിഴ അടയ്ക്കണം
എ രാജ സഭയില്‍ പങ്കെടുത്ത ദിവസങ്ങള്‍ക്ക് പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ സഭയില്‍ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ സത്യപ്രതിജ്ഞ നടത്തിയത് ക്രമപ്രകാരല്ലാത്ത ഘട്ടത്തില്‍ സഭയില്‍ പങ്കെടുത്തതിന് 2500 രൂപ പിഴ അടയ്ക്കണമെന്ന് സ്പീക്കര്‍ എംബി രാജേഷ്. മെയ് 24 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന അഞ്ച് ദിവസം സഭയില്‍ പങ്കെടുത്തതിനാണ് പിഴ ഈടാക്കാന്‍ സ്പീക്കര്‍ റൂളിങ് നല്‍കിയിരിക്കുന്നത്.
എ രാജ മെയ് 24നാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സഗൗരവത്തിലോ ദൈവനാമത്തിലോ അല്ല രാജ സത്യപ്രതിജ്ഞ ചെയ്തതെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. തമിഴിലായിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്. ജൂണ്‍ രണ്ടിന് വീണ്ടും രാജ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചത്. രാജ സഭയില്‍ പങ്കെടുത്ത ദിവസങ്ങള്‍ക്ക് പിഴ ഈടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ എ രാജയ്ക്ക് പങ്കെടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ദിവസം 500 രൂപ നിരക്കില്‍ 2500 രൂപ പിഴയടക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയത്.
എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ രാജ വോട്ട് രേഖപ്പെടുത്തിയത് അസാധുവാക്കണമെന്ന വാദം, മുന്‍ നടപടികള്‍ ഉദ്ധരിച്ച സ്പീക്കര്‍ തള്ളി.