സനാതന ധര്‍മം എച്ച്‌ഐവിയെയും കുഷ്ഠ രോഗത്തെയും പോലെ; ആഞ്ഞടിച്ച് തമ്‌ഴിനാട് മന്ത്രി എ രാജ
ചെന്നൈ: തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയ സനാതന ധര്‍മ്മത്തെച്ചൊല്ലിയുള്ള വാക്‌പോരിനിടെ അതിരൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ മറ്റൊരു മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ രംഗത്ത്. സനാതന ധര്‍മത്തെ എച്ച്‌ഐവിയും കുഷ്ഠരോഗവുമായി താരതമ്യം ചെയ്ത അദ്ദേഹം ഉദയനിധിയുടെ വിമര്‍ശനം സൗമ്യമായിപ്പോയെന്നും പറഞ്ഞു. ബുധനാഴ്ച ചെന്നൈയില്‍ ദ്രാവിഡര്‍ കഴകം സംഘടിപ്പിച്ച വിശ്വകര്‍മ യോജനയ്‌ക്കെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവ പോലെ സനാതന ധര്‍മ്മം തുടച്ചുനീക്കണമെന്ന് ഉദയനിധ് പറഞ്ഞത് സൗമ്യമായിപ്പോയി. കാരണം, മലമ്പനിക്കും ഡെങ്കിപ്പനിക്കും സാമൂഹിക അവഹേളനമില്ല. മലേറിയയെയും ഡെങ്കിപ്പനിയെയും വെറുപ്പ് തോന്നുകയോ സാമൂഹിക അപമാനമായി കണക്കാക്കുകയോ ചെയ്തിട്ടില്ല. വെറുപ്പോടെ നോക്കുന്നത് പണ്ട് കുഷ്ഠരോഗവും സമീപകാലത്ത് എച്ച്‌ഐവിയുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സനാതന ധര്‍മ്മം ഒരു രോഗമായി കാണണം. എച്ച്‌ഐവിയും കുഷ്ഠരോഗവും പോലെയാണ് സനാതനധര്‍മമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. 'അദ്ദേഹം സനാതന ധര്‍മ്മം പിന്തുടര്‍ന്നിരുന്നെങ്കില്‍, അദ്ദേഹം വിദേശത്തേക്ക് പോവരുതായിരുന്നു, കാരണം ഒരു സനാതന ഹിന്ദു കടല്‍ കടക്കാന്‍ പാടില്ലെന്നും രാജ പറഞ്ഞു.
സനാതന ധര്‍മ്മത്തെയും വര്‍ണാശ്രമത്തെയും കുറിച്ചുള്ള സംവാദത്തിന് മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജ വെല്ലുവിളിച്ചു. 'എന്റെ നേതാവിന്റെ (എം കെ സ്റ്റാലിന്‍) അനുമതിയോടെയാണ് ഞാന്‍ ഇത് പറയുന്നത്. നിങ്ങള്‍ ഡല്‍ഹിയില്‍ ഒരു കോടി ജനങ്ങളെ കൂട്ടിച്ചേര്‍ക്കുക. നിങ്ങളുടെ ശങ്കരാചാര്യരെ കൊണ്ടുവരിക. നിങ്ങളുടെ പക്കലുള്ള എല്ലാ കാര്യങ്ങളുമായി സംവാദത്തിനായി അവിടെ വരൂ. അമ്പും വില്ലും അരിവാളുമെല്ലാം കൊണ്ടുവരൂ. അംബേദ്കറും പെരിയാറും എഴുതിയ പുസ്തകങ്ങളുമായി ഞാന്‍ അവിടെ വരും. നമുക്ക് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വിസികെ സ്ഥാപകന്‍ തോല്‍ തിരുമാവളവന്‍, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അഴഗിരി, എംഡിഎംകെ അധ്യക്ഷന്‍ വൈകോ, സിപിഎം, സിപിഐ നേതാക്കള്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് എ രാജയുടെ വെല്ലുവിളി. വിശ്വകര്‍മ യോജനയിലൂടെ സനാതന ധര്‍മത്തെ പിന്തുണയ്ക്കുകയും വര്‍ണാശ്രമം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തതിന് നേതാക്കള്‍ ബിജെപിക്കെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്.