'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാവരുത്'; സനാതന ധര്‍മത്തെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി
ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാവരുതെന്ന് മദ്രാസ് ഹൈക്കോടതി. ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തിനെതിരേ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍ ശേഷസായിയുടെ പരാമര്‍ശം. മാത്രമല്ല, സനാതന്‍ ധര്‍മത്തെ പുകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശവും കോടതി പുറപ്പെടുവിച്ചു.
രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധര്‍മമെന്നായിരുന്നു ജസ്റ്റിസ് എന്‍ ശേഷസായിയുടെ നിരീക്ഷണം. സനാതന ധര്‍മ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോല്‍സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുന്നതായി തോന്നുന്നു. ഈ ധാരണ തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്. അതായത് സംസാര സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാവരുത്. പ്രത്യേകിച്ച് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രസംഗത്തില്‍ ആരുടെയും വികാരം വ്രണപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ, കോളറ പോലുള്ള പകര്‍ച്ചവ്യാധിയോട് ഉപമിച്ച ഉദയനിധി അതിനെ പ്രതിരോധിക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്ന് പ്രസംഗിച്ചതിനെതിരേ ബിജൈപിയും സംഘപരിവാരവും വിവാദമാക്കിയിരുന്നു.